എല്ലാവരും തുല്യരായി ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം ഊർജ്ജം പകരട്ടെ: മുഖ്യമന്ത്രി

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

Aug 15, 2025
എല്ലാവരും തുല്യരായി ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം ഊർജ്ജം പകരട്ടെ: മുഖ്യമന്ത്രി
c m pinarayi vijayan

സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിൻ്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്.പ്രാദേശികവും ഭാഷാപരവും സമുദായികപരവുമായ വൈവിധ്യങ്ങളുടെ കലവറയാണ് ഈ രാജ്യം. മതനിരപേക്ഷതയിലും മൈത്രിയിലും സഹവർത്തിത്വത്തിലും ഊന്നിയ നമ്മുടെ ദേശീയതയെ വക്രീകരിച്ചു ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഭരണനയങ്ങളെ വിമർശിച്ചു തിരുത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് മുറവിളി കൂട്ടുകയാണ് ഈ ശക്തികൾ.

നമ്മുടെ ദേശീയപ്രസ്ഥാനത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ താറടിച്ചുകാണിക്കാനാണ് ഇവർ മുതിരുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണ്. ഉന്നതമായ ജനാധിപത്യ സംസ്കാരം പുലരുന്ന ഒരു രാഷ്ട്രത്തിന് ചേർന്നതാണോ ഈ പ്രവണതകളെന്ന് നാം ആത്മപരിശോധന നടത്തേണ്ട സന്ദർഭം കൂടിയാണ് ഈ സ്വാതന്ത്ര്യദിനം.

ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം. നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത്  മാനവികതയിലും പരസ്പരസ്നേഹത്തിലും  അടിയുറച്ചതാണ്. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീർക്കുകയെന്നത് രാഷ്ട്രനിർമ്മാതാക്കൾ നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്. ഇന്നലെകൾ നൽകിയ കരുത്തും പാഠങ്ങളും ഉൾക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊർജ്ജം പകരട്ടെ. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.