ഉപതിരഞ്ഞെടുപ്പ്; പോളിംഗ് 30 ശതമാനം കഴിഞ്ഞു
ഉപതിരഞ്ഞെടുപ്പ്; വിവിധ ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
 
                                    കൽപ്പറ്റ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പുലർച്ചെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. വയനാട് 30 ശതമാനം പോളിംഗ് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ചേലക്കരയിൽ 32 ശതമാനം പോളിംഗ് കഴിഞ്ഞു.ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർ വോട്ടുചെയ്യാനെത്തി. രണ്ട് ബൂത്തുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും നാട് വിട്ടുപോയിരുന്നു. ദുരന്തം നടന്നതിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്താൻ സൗജന്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ച വയനാട്ടിൽ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എൽഡിഎഫിനായും, ബിജെപിയുടെ നവ്യഹരിദാസാണ് എൻഡിഎയ്‌ക്കായി കളത്തിലുള്ളത്.
എംഎൽഎയായിരുന്ന കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിച്ചതിനാലാണ് ചേലക്കരയിൽ പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപും യുഡിഎഫിന്റെ രമ്യാ ഹരിദാസും നേർക്കുനേർ ഏറ്റുമുട്ടുന്ന ചേലക്കരയിൽ കെ ബാലകൃഷ്ണനാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            