ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കാൽലക്ഷം പക്ഷികളെ കൊന്നൊടുക്കും
ആലപ്പുഴ ജില്ലയിൽ ഏകദേശം 12,700 പക്ഷികളെയാണ് ശനിയാഴ്ച കൊല്ലുന്നത്. പത്തനംതിട്ട നിരണത്ത് 12,000 താറാവുകളെയും കൊന്നൊടുക്കും.
ആലപ്പുഴ/തിരുവല്ല: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ പക്ഷികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി.ഇരുജില്ലയിലുമായി താറാവ് ഉൾപ്പെടെ കാൽലക്ഷത്തോളം പക്ഷികളെയാണ് കൊല്ലുക. ആലപ്പുഴ ജില്ലയിൽ ഏകദേശം 12,700 പക്ഷികളെയാണ് ശനിയാഴ്ച കൊല്ലുന്നത്. പത്തനംതിട്ട നിരണത്ത് 12,000 താറാവുകളെയും കൊന്നൊടുക്കും. മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലാണ് പക്ഷികളെ കൊല്ലാൻ ആലപ്പുഴ ജില്ല കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗം തീരുമാനിച്ചത്.തലവടിവാര്ഡ് 13, തഴക്കര വാര്‍ഡ് 11, ചമ്പക്കുളം വാര്‍ഡ് 3 എന്നിവിടങ്ങളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും. പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുക.സർക്കാറിന്റെ ഉടമസ്ഥതയിലുള്ള നിരണം ഡക്ക് ഫാമിൽ താറാവുകൾക്ക് പക്ഷിപ്പനി കണ്ടെത്തിയതിന് പിന്നാലെ നിരണം 11ാം വാർഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.