അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ
മൂന്നിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് ഇവിടെ രേഖപ്പെടുത്തിയത്.അഞ്ചു സ്ഥലങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാറിനു പുറമേ, മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.