വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളണം: മുഖ്യമന്ത്രി
Banks should waive loans of Wayanad disaster victims: Chief Minister
തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് ചൂരൽമലയിലെ ഗ്രാമീൺ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ഇത്തരം ഘട്ടങ്ങളിൽ യാന്ത്രികമായ സമീപനം ബാങ്കുകൾ സ്വീകരിക്കരുത്. റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ വായ്പ എഴുതിത്തള്ളുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് അധികവും. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട വ്യക്തികളുണ്ട് എന്നത് കാണാതെ പോകരുത്. ബാങ്കുകളെ സംബന്ധിച്ചടുത്തോളം അവരുടെ ആകെ സാമ്പത്തിക ഇടപാടിന്റെ തുച്ഛമായ ഭാഗം മാത്രമായിരിക്കും ഈ ഇടപെടലിന്റെ ഭാഗമായി കുറവു വരുന്നത്. സാധാരണ ഘട്ടങ്ങളിൽ എഴുതിത്തള്ളുന്ന വായ്പ സർക്കാർ തിരിച്ചടക്കുന്ന സമീപനത്തിന് പ്രതീക്ഷിക്കാതെ, ബാങ്കുകൾ സ്വന്തം നിലയിൽ ദുരിതാശ്വാസ സഹായങ്ങൾക്ക് ഒപ്പം നിൽക്കണം. ഇതിൽ കേരള ബാങ്ക് സ്വീകരിച്ച സമീപനം മാതൃകാ പരമാണ്. ദുരന്തബാധിതരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളിയ കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കുന്നതിൽ രാജ്യവും ലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുന്ന സാഹചര്യവും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.