ബി.എസ്‌സി. നഴ്‌സിങ്: ഇക്കൊല്ലവും സംസ്ഥാനത്ത് പ്രവേശനപരീക്ഷയുണ്ടാകില്ല
പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കേണ്ടതി ല്ല ,എന്നതാണ് സർക്കാർ നിലപാട്

തിരുവനന്തപുരം : ബി.എസ്‌സി. നഴ്‌സിങ്ങിന് പ്രവേശനപരീക്ഷ വേണമെന്ന് അഖിലേന്ത്യാ നഴ്‌സിങ് കൗൺസിൽ നിർദേശം ഇക്കൊല്ലവും സംസ്ഥാനത്ത് നടപ്പാക്കില്ല. പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിദേശരാജ്യങ്ങളിലും മറ്റും ഒട്ടേറെ അവസരങ്ങൾ തുറന്നതോടെ കോഴ്സിന് അപേക്ഷകർ ഏറെയാണ്.
നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഴിഞ്ഞവർഷം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാണ് സർക്കാർ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്. അതിനാൽ, വിദ്യാർഥികളുടെ അക്കാദമികനിലവാരത്തിൽ സംശയമില്ലെന്നും അധികൃതർ പറയുന്നു.നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷാ ഏജൻസിയോ സർവകലാശാലയോ ബി.എസ്‌സി. നഴ്‌സിങ് സിലബസിന് അനുബന്ധമായി പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് അടുത്ത അക്കാദമികവർഷത്തെ ക്ലാസ് തുടങ്ങണമെന്നും സെപ്റ്റംബർ 30-നകം പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്നുമാണ് നിർദേശം.
ജൂൺ 25-നകം പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗൺസിൽ നിർദേശിച്ചുള്ളതെങ്കിലും അതുസംബന്ധിച്ച പ്രാഥമിക ആലോചനകൾപോലും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല.