ബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ
തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് കണക്ഷനുകൾ ഒരു ലക്ഷമാക്കും

ഈ വർഷം തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് (ഫൈബർ ടു ദി ഹോം) കണക്ഷനുകൾ ഒരു ലക്ഷമാക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). തിരുവനന്തപുരം സ്റ്റാച്യുവിലെ ബിഎസ്എൻഎൽ ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ തിരുവനന്തപുരം സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ പി ജി നിർമലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ നഗരപ്രദേശത്തെ 39770 ഉം, ഗ്രാമീണ മേഖലയിലെ 27602 ഉം ഉൾപ്പടെ ആകെ 67322 എഫ്ടിടിഎച്ച് കണക്ഷനുകളാണ് തിരുവനന്തപുരത്ത് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡി( ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ തിരുവനന്തപുരം സർക്കിൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ 25 വർഷം പൂർത്തിയാക്കുന്ന 2025 ഒക്ടോബർ ഒന്നിന് വൃക്ഷത്തൈ നടീൽ ക്യാമ്പയിൻ, ഒക്ടോബർ നാലിന് പെയിന്റിംഗ് മത്സരം, ഒക്ടോബർ അറിന് രക്ത ദാന ക്യാമ്പ്, ഒക്ടോബർ 19 ന് മിനി മാരത്തോൺ എന്നിവ സംഘടിപ്പിക്കും. തിരുവനന്തപുരം സർക്കിളിൽ 5.7 ലക്ഷം ബിഎസ്എൻഎൽ ഉപഭോക്താക്കളാണ് നിലവിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 743 സ്ഥലങ്ങളിൽ 4 ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. 4 ജി സമ്പൂർണ്ണത പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഗോത്ര വർഗ്ഗ മേഖലകളിൽ
27 സ്ഥലങ്ങളിൽ 4ജി ലഭ്യമാക്കി. 83 ടവറുകൾ പുതിയതായി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എൻഎൽ അവതരിപ്പിച്ച ഫ്രീഡം പ്ലാനിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 17,225 പുതിയ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന്റെ ഭാഗമായി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിൽ എസ്ഡിസിഎകൾ പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്നു പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്കു മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ബിസിനസ് മേഖലയ്ക്ക് കീഴിലെ 73 ഗ്രാമപഞ്ചായത്തുകളിൽ എഫ്ടിടിഎച്ച് കണക്ഷനുകൾ നൽകിയതായി അദ്ദേഹം അറിയിച്ചു. പിന്നാക്കം നിൽക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് FTTH കണക്ഷനുകൾ സ്പോൺസർ ചെയ്യാൻ സാധിക്കുന്ന വിദ്യാ മിത്രം പദ്ധതിയെ കുറിച്ച് ശ്രീ പി ജി നിർമൽ വിശദീകരിച്ചു. എഫ്‌ടിടിഎച്ച് ഉപഭോക്താക്കൾക്ക് 354-ലധികം ലൈവ് ചാനലുകൾ ലഭ്യമാകുന്ന ഐഎഫ്ടിവി സേവനങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബിഎസ്എൻഎൽ ഹോട്ട്സ്പോട്ടുകൾ ഉള്ള എവിടെ നിന്നും വീട്ടിലെ വൈഫൈ സേവനം ഉപയോഗിക്കാൻ സാധിക്കുന്ന റോമിങ് വൈ-ഫൈ സേവനം, എഫ്ടിടിഎച്ച് കണക്ഷനുകൾ വിദൂരമായി മോണിറ്റർ ചെയ്യുന്ന ബിഎസ്എൻഎൽ തിരുവനന്തപുരം സർക്കിൾ വികസിപ്പിച്ച TR069 സംവിധാനത്തെ കുറിച്ചും ശ്രീ പി ജി നിർമൽ വിശദീകരിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സാഹചര്യത്തിനനുസരിച്ച് മനുഷ്യവിഭവശേഷിയെ പ്രാപ്തമാക്കുന്ന ബിഎസ്എൻഎൽ സംരംഭമായ- കൗശലം -വിദ്യാർത്ഥികൾക്കും ജീവനകാർക്കും ഒരുപോലെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിലെ ജീവനകാർക്കും,വിടിഎം എൻഎസ്എസ് കോളേജ്,ഡോ. പല്പു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും പരിശീലനം നൽകാൻ പ്രൊപോസൽ നൽകിയതായി അദ്ദേഹം അറിയിച്ചു. വ്യവസായ സംരംഭങ്ങൾക്ക് ഒരൊറ്റ കുടകീഴിൽ പിന്തുണ നൽകുന്ന ഇന്റഗ്രെറ്റഡ് ബിസിനസ് സൊല്യൂഷൻസിനെ കുറിച്ചും അദ്ദേഹം വിവരിച്ചു. സ്ഥാപനത്തിന്റെ ആവശ്യകതകൾ, വലുപ്പം, നിലവിലുള്ള ടെലികോം അടിസ്ഥാന സൗകര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് ഇതിലൂടെ നൽകിയത്. സിഡാക് തിരുവനന്തപുരവുമായി സഹകരിച്ച്, മധ്യപ്രദേശിലെ അംലോഹ്രി ഓപ്പൺകാസ്റ്റ് കോൾ മൈൻസിൽ, ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡ്-എലോൺ (എസ്എ) ഓൺ-പ്രിമൈസ് (ഓൺ-പ്രിമൈസസ്) 5G സ്വകാര്യ നെറ്റ്‌വർക്ക് (സിഎൻപിഎൻ) കമ്മീഷൻ ചെയ്തതായി അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ബിസിനസ് മേഖലയിലെ 51 സ്ഥലങ്ങളിൽ 13866 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വാടകയ്ക്ക് ലഭ്യമാണെന്നും ശ്രീ പി ജി നിർമൽ വ്യക്തമാക്കി.