ബി.ഫാം. പ്രോഗ്രാമുകളിലെ 2024-ലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷക്ഷണിച്ചു
നാലുവർഷ ബി.ഫാം. പ്രോഗ്രാമിന്റെ മൂന്നാംസെമസ്റ്റിലേക്കാണ് പ്രവേശനം.
തിരുവനന്തപുരം : കേരളത്തിലെ സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ ബാച്ച്‌ലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രോഗ്രാമുകളിലെ 2024-ലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് പ്രവേശനപരീക്ഷാകമ്മിഷണർ അപേക്ഷക്ഷണിച്ചു. നാലുവർഷ ബി.ഫാം. പ്രോഗ്രാമിന്റെ മൂന്നാംസെമസ്റ്റിലേക്കാണ് പ്രവേശനം.സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളും ഇരുവിഭാഗം ഫാർമസി കോളേജുകളിലെ ലാപ്പസ്ഡ് സീറ്റുകളും ഈ പ്രവേശനത്തിന്റെ പരിധിയിൽവരും. സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 10 ശതമാനം ലാറ്ററൽ എൻട്രി സീറ്റുകളിൽ 50 ശതമാനം സീറ്റുകൾ, ഗവൺമെന്റ് ക്വാട്ട സീറ്റുകളായിരിക്കും. സീറ്റ് ലഭ്യതയുടെ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.യോഗ്യത: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ 1991 എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാം (ഫാം.ഡി.), ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃതസ്ഥാപനത്തിൽ പഠിച്ചിരിക്കണം. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഡി.ഫാം. എക്സാമിനേഷൻസ് നടത്തിയ ഡിപ്ലോമ ഇൻ ഫാർമസി അന്തിമവർഷ പരീക്ഷ/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടുള്ളവർക്കും അപേക്ഷിക്കാം. കൗൺസലിങ് വേളയിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതിന്റെ രേഖ ഹാജരാക്കേണ്ടിവരും.കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷ www.cee.kerala.gov.in വഴി ഡിസംബർ 17-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷയുടെ അക്‌നോളജ്മെന്റ് പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയാവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കണം. എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയക്കേണ്ടതില്ല.റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം ഓപ്ഷനുകൾ ക്ഷണിച്ച്, ഏകജാലകസംവിധാനം വഴി പ്രവേശനപരീക്ഷാകമ്മിഷണർ കേന്ദ്രീകൃത അലോട്‌മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക.