ഊർജസംരക്ഷണ അവബോധവുമായി ഉണർവ്വ് രണ്ടാം പതിപ്പ്
അധ്യാപകർക്കും കുട്ടികൾക്കും എനർജി മാനേജ്മെന്റ് സെന്റർ സന്ദർശിച്ച് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനുള്ള പദ്ധതിയാണ് ഉണർവ്.
തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്റർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടത്തുന്ന ഊർജസംരക്ഷണ അവബോധപരിപാടി ഉണർവ് രണ്ടാം പതിപ്പിന് തുടക്കമായി. വിദ്യാർത്ഥികളെയും അധ്യാപകരെയും ഊർജ സംരക്ഷണത്തിന്റെ നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, കാര്യക്ഷമമായ ഊർജ ഉപയോഗം ദിനചര്യയുടെ ഭാഗമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉണർവ്വ് ക്യാമ്പയിൻ പ്രവർത്തിക്കുന്നത്. ശ്രീകാര്യം എനർജി മാനേജ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ആശംസകളറിയിച്ചു.
അധ്യാപകർക്കും കുട്ടികൾക്കും എനർജി മാനേജ്മെന്റ് സെന്റർ സന്ദർശിച്ച് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനുള്ള പദ്ധതിയാണ് ഉണർവ്. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും എനർജി മാനേജ്‌മെന്റ് സന്ദർശിക്കുകയും അവർക്ക് ഊർജസംരക്ഷണ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. ഊർജ്ജ കാര്യക്ഷമതാ ലാബ് സന്ദർശനത്തിനുള്ള അവസരമൊരുക്കുന്നതിനൊപ്പം ഇലക്ട്രിക്ക് വാഹനം - ഇലക്ട്രിക്ക് പാചകം എന്നിവയും പരിചയപ്പെടുത്തുന്നു. ഉണർവ്വ് രണ്ടാം പതിപ്പിന്റെ ആദ്യ ദിനം വെഞ്ഞാറമൂട് ഗവ. യു. പി സ്‌കൂൾ , നേമം ഗവ. യു. പി സ്‌കൂൾ, , ഗവ. യു. പി സ്‌കൂൾ, പാറയ്ക്കൽ, മിസ്റ്റിക്കൽ റോസ്, വെട്ടുകാട് എന്നീ സ്‌കൂളുകളിൽ നിന്നും 260 തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട ഉണർവ്വ് ഒന്നാം പതിപ്പിൽ 64 സ്‌കൂളുകളിൽ നിന്ന് 4,400 പേരാണ് ഇ.എം.സി സന്ദർശിച്ചത്.
ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി മീഡിയ അഡൈ്വസർ ചന്ദ്രശേഖര റെഡ്ഡി, ഇ.എം. സി. രജിസ്ട്രാർ സുഭാഷ് ബാബു, ലൈബ്രറി ആന്റ് ഇൻഫർമേഷൻ ഓഫീസർ സിന്ധു എസ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.