ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രൻ ജിൻസൺ ആന്റോ ചാൾസ് ഇനി ഓസ്ട്രേലിയൻ മന്ത്രി
എട്ടോളം വകുപ്പുകളുടെ മന്ത്രിയായി ഇന്ന് ചുമതലയേൽക്കുകയാണ്

ജിൻസൺ ആന്റോ ചാൾസ് ,ഭാര്യ അനുപ്രിയ,മക്കളായ എയ്മി കേയ്റ്റ്ലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവരോടൊപ്പം
ഡാർവിൻ: പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ സഹോദരപുത്രൻ ഇനി ഓസ്ട്രേലിയൻ മന്ത്രി . യുവജന ,വാർധക്യ ക്ഷേമം ,സ്പോർട്സ് ആൻഡ് കൾച്ചർ ഉൾപ്പെടെ എട്ടോളം വകുപ്പുകളുടെ മന്ത്രിയായി ഇന്ന് ചുമതലയേൽക്കുകയാണ് പൂഞ്ഞാർ മൂന്നിലവ് പുന്നത്താനിയിൽ കുടുംബാംഗവുമായ ജിൻസ് . ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഉജ്ജ്വല വിജയം നേടിയിരുന്നു . പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനായ ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞ 8 വർഷമായി ലേബർ പാർട്ടി പ്രതിനിധിയും, ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയും,നിലവിൽ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വേർഡൻ പ്രതിനിധികരിച്ചിരുന്ന സാൻഡേഴ്സൺ മണ്ഡലമാണ് ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ജിൻസൺ ആന്റോ ചാൾസ് തിരിച്ചുപിടിച്ചത്.നോർത്തേൺ ടെറിട്ടറിയിൽ നിലവിൽ പ്രതിപക്ഷ നേതാവായ ലിയോ ഫിനോക്കിയാരയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. നേഴ്സിംഗ് മേഖലയിൽ ജോലി നേടി 2011 ൽ ഓസ്ട്രേലിയയിലെത്തിയ ജിൻസൺ നിലവിൽ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും, ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്. ഡാർവിൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ ആന്റോ ചാൾസ്.ഡാർവിനിലെ ടോപ് എൻഡ് മെന്റൽ ഹെൽത്തിലെ ക്ലിനിക്കൽ നേഴ്സ് കൺസൾട്ടന്റും, ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ അഡ്ജന്റ് ലക്ചറവുമായ അനുപ്രിയ ജിൻസണാണ് ഭാര്യ. എയ്മി കേയ്റ്റ്ലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവർ മക്കളാണ്.