ആറ്റുകാൽ പൊങ്കാല: ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു
വിവിധ വകുപ്പുകളുടെ അടിയന്തര പ്രവൃത്തികൾ ഫെബ്രുവരി 25നകം പൂർത്തിയാക്കാൻ നിർദ്ദേശം

തിരുവനന്തപുരം : മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീർക്കാനുള്ള പ്രവൃത്തികൾ ഫെബ്രുവരി 25നകം തന്നെ
പൂർത്തീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സബ് കളക്ടർ ആൽഫ്രഡ് ഒ.വി നിർദ്ദേശം നൽകി.
പെട്രോൾ പമ്പ്, ട്രാൻസ്ഫോർമർ എന്നിവയ്ക്ക് സമീപം ഭക്തജനങ്ങൾ പൊങ്കാല ഇടുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
പൊലീസ്, ഹെൽപ് ലൈൻ നമ്പർ നൽകണമെന്നും എക്സൈസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തണമെന്നും സബ് കളക്ടർ നിർദ്ദേശിച്ചു. പൊങ്കാല ദിവസത്തിൽ റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് കർശനമായി നിരോധിക്കണം. റെയിൽവേ കോമ്പൗണ്ടിനുള്ളിൽ പൊങ്കാല അടുപ്പുകൾ നിരത്തുന്നത് തടയാനും നടപടി വേണമെന്നും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം റെയിൽവേ പരിസരത്ത് ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൊങ്കാല ദിവസത്തിൽ കോർപ്പറേഷൻ, ഫയർ ആന്റ് റെസ്ക്യൂ എന്നിവരുടേത് ഉൾപ്പെടെ 11 ആംബുലൻസുകളാണ് സജ്ജീകരിക്കുന്നത്. കുത്തിയോട്ട ദിവസം ശിശുരോഗവിദഗ്ധൻ ഉൾപ്പെടെ 24 മണിക്കൂർ മെഡിക്കൽ ടീം പ്രവർത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 650 കുട്ടികളാണ് ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്.
ചെറുവക്കൽ, ഈഞ്ചക്കൽ എന്നിവിടങ്ങളിലാണ് പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് തീപിടിത്തം ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് ഒരു ഫയർ ആന്റ് സേഫ്റ്റി യൂണിറ്റ് അത്യാവശ്യമായി ഉണ്ടാകണം.
പൊങ്കാലയ്ക്ക് ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ 'ഹരിത പൊങ്കാല, പുണ്യ പൊങ്കാല' ക്യാമ്പയിൻ ശക്തമാക്കണം. എക്സൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വിഭാഗങ്ങൾ പൊങ്കാല ദിനത്തിൽ നടത്തുന്ന സ്പെഷ്യൽ സ്ക്വാഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും സബ് കളക്ടർ ആവശ്യപ്പെട്ടു.
പൊങ്കാല ദിനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം താലൂക്ക് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും വാട്ടർ ടാങ്ക൪ ലോറികളും സജ്ജമാക്കും. പൊങ്കാല ദിനത്തിൽ ക്ഷേത്ര പരിസരത്ത് 12 സീറ്റുള്ള രണ്ട് ഇ-ടോയ്ലറ്റ് സംവിധാനം കോർപ്പറേഷൻ ഒരുക്കും.
പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തരുടെ എണ്ണം എല്ലാ വർഷവും കൂടിവരികയാണ്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്ക് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ എത്തുവാൻ പ്രത്യേക യാത്രാസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർക്ക് എഡിഎം ബീന പി ആനന്ദ് നിർദ്ദേശം നൽകി.