തരിശുഭൂമിയിൽ നിന്ന് സമൃദ്ധിയിലേക്ക് ; അട്ടപ്പാടിയിലെ 'നമുത്ത് വെള്ളാമെ

Oct 31, 2025
തരിശുഭൂമിയിൽ നിന്ന് സമൃദ്ധിയിലേക്ക് ; അട്ടപ്പാടിയിലെ 'നമുത്ത് വെള്ളാമെ
attappadi

അട്ടപ്പാടി:കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കർ ഭൂമിയിൽ അട്ടപ്പാടി തേക്ക് പന ഉന്നതിയിലെ പാപ്പാ രേശനും കുടുംബവും വിളയിച്ചെടുത്തത് റാഗിയും നെല്ലും ഉൾപ്പെടെ പത്തിനം ധാന്യങ്ങളാണ്. പഞ്ചകൃഷിയെ അവലംബിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.റ്റി.ഡി.പി അട്ടപ്പാടിയുടെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച കാർഷിക വരുമാനദായക പദ്ധതിയായ 'നമുത്ത് വെള്ളാമെ' (നമ്മുടെ കൃഷി) യിലൂടെ ഇങ്ങനെ അറുന്നൂറിൽപരം കുടുംബങ്ങളാണ് വരുമാനം നേടുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യം ഉൾക്കാടുകളിലെ ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യ സ്വയംപര്യാപ്തതയാണ്. ആദ്യ ഘട്ടത്തിൽ 849.5 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കി. 19 ഉന്നതികളിൽ നിന്നുളള 616 കർഷകരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ 17 ടൺ ധാന്യങ്ങളും 9 ടൺ ധന്യേതര വിളകളും ഇവിടെ നിന്ന് ഉൽപാദിപ്പിച്ചു. നിലവിൽ 42 ഉന്നതികളിലായി 1362 കുടുംബങ്ങൾ 1511.5 ഏക്കർ ഭൂമിയിൽ പാരമ്പര്യ കൃഷി ചെയ്തു വരുന്നു. ഇതിൽ 25 ഉന്നതികൾ പുതൂർ പഞ്ചായത്തിലും 11 എണ്ണം ഷോളയൂരിലും 6 എണ്ണം അഗളിയിലുമാണ്. ഓരോ ഉന്നതിയിലും ഊരുകൂട്ടം നടത്തി, സ്വന്തമായി ഭൂമിയുള്ള കൃഷി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളത് താഴേ സമ്പാർകോട് ആണ്, 110 ഏക്കർ. മേലെ മുള്ളിയിൽ മാത്രം 78 കുടുംബങ്ങൾ 'നമുത്ത് വെള്ളാമെ'യുടെ ഭാഗമാണ്. ഒരേക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും നിലം ഉഴാനും 3000 രൂപ വീതം 6000 രൂപ കർഷകന് പട്ടികവർഗ വികസന വകുപ്പ് വഴി സർക്കാർ അനുവദിച്ചിട്ടുണ്ട്. വിത്ത് വാങ്ങുന്നതിനും വിള സംരക്ഷണത്തിനും അധിക ധനസഹായത്തിന് പുറമെ തിരഞ്ഞെടുത്ത കർഷകർക്ക് 500 രൂപ വീതവും നൽകിവരുന്നു. ട്രഷറി വഴി നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യമുള്ള മേഖലകളായതിനാൽ വിളകളെ സംരക്ഷിക്കാൻ സോളാർ പാനൽ, ബാറ്ററി, ചാർജർ, കൺട്രോളർ എന്നിവ അടങ്ങുന്ന 25000/ രൂപ വിലയുള്ള സോളാർ ഇലക്ട്രിക് ഫെൻസിങ് സെറ്റും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഇവർക്ക് ലഭ്യമാക്കി. ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ പി.ജി.എസ് ഓർഗാനിക്ക് സർട്ടിഫിക്കറ്റും കർഷകർക്ക് നൽകുന്നുണ്ട്. അട്ടപ്പാടിയിലെ പരമ്പരാഗത കൊയ്ത്ത് ഉത്സവമായ 'രാജകമ്പളം' ഉൾപ്പെടെയുള്ള വിളവെടുപ്പ് ഉത്സവങ്ങൾ സംഘടിപ്പിച്ച് കർഷകർക്ക് പിന്തുണയും പ്രോൽസാഹനവും നൽകി വരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ 10 ഫീൽഡ് കോർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. പാരമ്പര്യ വിളകളായ, റാഗി, ചാമ, തിന, തുവര, വരഗ്, കുതിരവാലി, ചോളം, അരിച്ചോളം, കമ്പ്, നെല്ല് തുടങ്ങിയവ, വിവിധയിനം പയറു വർഗ്ഗങ്ങൾ, നിലക്കടല, എള്ള്, ഉഴുന്ന്, കടുക് പോലുള്ള എണ്ണ വിത്തുകൾ, ചീര, മത്തൻ, തക്കാളി, വഴുതനങ്ങ, കാന്താരി മുളക്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാന വിളകൾ. ഫെബ്രുവരി, മാർച്ച് മാസത്തോടു കൂടി കൃഷിസ്ഥലങ്ങൾ വൃത്തിയാക്കി മൂന്ന് ഘട്ടങ്ങളിലായി നിലം ഉഴുതൊരുക്കുന്നു. പാരമ്പര്യ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ശേഷം വിത്ത് വിതയ്ക്കൽ ആരംഭിക്കും. പഞ്ചകൃഷി പൂർണമായും മഴയെ ആശ്രയിച്ചുള്ള സമ്മിശ്ര കൃഷി രീതിയായതിനാൽ ഒരു സ്ഥലത്തുതന്നെ നാലോ അഞ്ചോ ഇനം വിത്തുകൾ വിതയ്ക്കും. ഓരോന്നിന്റെയും വിളവെടുപ്പ് കാലം വ്യത്യസ്തമായതിനാൽ വർഷം മുഴുവനും ഭക്ഷ്യ വിഭവങ്ങൾ ലഭിക്കും. ഒരു വർഷം ആകുമ്പോഴേക്കും എല്ലാ ഇനങ്ങളുടെയും വിളവെടുപ്പ് പൂർത്തിയാവും. ഭക്ഷ്യാവശ്യത്തിനുള്ളവ മാറ്റിയ ശേഷം ബാക്കിയുള്ളത് വിപണിയിലെത്തിക്കുകയോ സംഭരിക്കുകയോ ചെയ്യും. ഇതുവരെ 54560 കിലോഗ്രാം തുവര, 22830 കിലോ വൻപയർ, 7089 കിലോ പച്ചകറികൾ എന്നിവ ഉൾപ്പെടെ 1.15 ലക്ഷം കിലോഗ്രാം വിഭവങ്ങളാണ് പട്ടിക വർഗ കർഷകർ തരിശുഭൂമിയിൽ നിന്ന് വിളയിച്ചെടുത്തത്. അട്ടപ്പാടിയിലെ 193 ഉന്നതികളിലും പദ്ധതി വ്യാപിപ്പിക്കുക വഴി ഗോത്ര സമൂഹങ്ങളിലെ പാരമ്പര്യ വിളകൾ, ഭക്ഷണ രീതി, കാർഷിക സംസ്‌കാരം, ആചാരനുഷ്ഠാനങ്ങൾ എന്നിവ നിലനിർത്തുക, പോഷകാഹാര കുറവ് പരിഹരിക്കുക, തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കി സംരക്ഷിക്കുക, കൂടുതൽ പേരെ കാർഷിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക, ഗോത്ര സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് 'നമുത്ത് വെള്ളാമെ' ലക്ഷ്യമിടുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം വിളകളുടെ സംരക്ഷണം, സംസ്‌കരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് ഉൾക്കാടുകളിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ അഞ്ച് വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. യുവാക്കൾ ഉൾപ്പെടെ കൂടുതൽ പേർ ഉന്നതികളിൽ നിന്ന് കൃഷിചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത് 'നമുത്ത് വെള്ളാമെ' പദ്ധതിയുടെ വിജയമാണെന്ന് അട്ടപ്പാടി പ്രോജക്ട് ഓഫീസർ ഇൻ ചാർജ്ജ് കെ എ സാദിഖ് അലി പറഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.