വേനലിന്റെ കാഠിന്യം വർധിച്ചതോടെ മിൽമക്ക് ലഭിക്കുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ്
പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്
പാലക്കാട്: വേനലിന്റെ കാഠിന്യം വർധിച്ചതോടെ മിൽമക്ക് ലഭിക്കുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ്. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ 10 ശതമാനം കുറവ് വന്നതായാണ് മിൽമയുടെ കണക്ക്. മൂന്ന് മേഖലകളിൽനിന്നുമായി പ്രതിദിനം നാല് ലക്ഷത്തോളം ലിറ്റർ പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്.മലബാർ മേഖല യൂനിയനിൽ 75,000വും തിരുവനന്തപുരം, എറണാകുളം മേഖല യൂനിയനുകളിൽ യഥാക്രമം 2.5ഉം, 1.5ഉം ലക്ഷം ലിറ്ററിന്റെയും കുറവാണ് അനുഭവപ്പെടുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് പ്രതിദിനം നാല് ലക്ഷം ലിറ്റർ പാൽ മിൽമ ഇറക്കുമതി ചെയ്താണ് പ്രതിസന്ധി മറികടക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം ലിറ്റർ പാൽ പ്രതിദിനം ആവശ്യമുണ്ട്. എന്നാൽ, മൂന്ന് യൂനിയനുകളിലുമായി 13 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പാലക്കാട്ടും ഗണ്യമായ കുറവ് വന്നു. രണ്ടര ലക്ഷത്തോളം ലിറ്റർ പാൽ പ്രതിദിനം ലഭിച്ച പാലക്കാട്ട് ഇപ്പോൾ 2,02,000 ലിറ്ററാണ് ലഭിക്കുന്നത്.