പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്രൊഫഷണല്‍, ടെക്‌നിക്കല്‍ പഠനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി
ന്യൂഡൽഹി : വിമുക്തഭടന്മാരുടെയും (ആര്‍മി/നേവി/എയര്‍ഫോഴ്‌സ്), വിമുക്ത ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെയും അര്‍ഹതയുള്ള വാര്‍ഡുകള്‍, വിധവകള്‍, എന്നിവര്‍ക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 2024-25 അധ്യയനവര്‍ഷം നിശ്ചിത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ ആദ്യവര്‍ഷത്തില്‍ പ്രവേശനം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കോഴ്‌സ് കാലയളവിലേക്ക് (രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ) സ്‌കോളര്‍ഷിപ്പ് അനുവദിക്കും.
അംഗീകൃത കോഴ്‌സുകളെ ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നിക്കല്‍, മാനേജ്‌മെന്റ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫിഷറി, ഏവിയേഷന്‍, അപ്ലൈഡ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്, മെഡിക്കല്‍, ജേണലിസം/മാസ് കമ്യൂണിക്കേഷന്‍/ മീഡിയ, എജുക്കേഷന്‍/ടീച്ചേഴ്‌സ് ട്രെയിനിങ്, ലോ/ബി.സി.ഐ. കോഴ്‌സസ്, ഇന്റഗ്രേറ്റഡ് കോഴ്‌സസ്, മറ്റ് പ്രൊഫഷണല്‍/ടെക്‌നിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.
ഇവയില്‍ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഇ., ബി.ടെക്., ബി.ആര്‍ക്., ബി.പ്ലാന്‍., ബി.ഡിസൈന്‍, ബി.എഫ്.എ., ബി.എച്ച്.എം.സി.ടി., ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. ഫോറസ്ട്രി, ബി.എസ്സി. ഏവിയേഷന്‍, ബി.എഡ്., ബി.ബി.എ., ബി.സി.എ., ബി.ഫാര്‍മ., ബി.എ.എല്‍എല്‍.ബി., തുടങ്ങിയവയും ഉള്‍പ്പെടും. കോഴ്‌സുകളുടെ പൂര്‍ണവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വിദേശത്ത് പഠിക്കുന്നവര്‍, വിദൂരപഠന/വൊക്കേഷണല്‍ കോഴ്‌സില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.
പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്കുകള്‍ ആണ്‍കുട്ടികള്‍ക്ക് 30,000 രൂപയും (പ്രതിമാസം 2500 രൂപ നിരക്കില്‍), പെണ്‍കുട്ടികള്‍ക്ക് 36,000 രൂപയും (പ്രതിമാസം 3000 രൂപ നിരക്കില്‍) ആണ്.
അപേക്ഷകര്‍ വിമുക്തഭടന്മാരുടെയൊ (ആര്‍മി/നേവി/എയര്‍ഫോഴ്‌സ്), വിമുക്ത ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടേയൊ വാര്‍ഡുകള്‍/വിധവകള്‍ ആയിരിക്കണം. പാരാമിലിറ്ററി പഴ്‌സണല്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
2024-25 അധ്യയനവര്‍ഷം അംഗീകരിക്കപ്പെട്ട കോഴ്‌സുകളില്‍ ഒന്നില്‍ ആദ്യവര്‍ഷത്തില്‍ (ലാറ്ററല്‍ എന്‍ട്രി ഒഴികെ) പ്രവേശനം നേടിയവരായിരിക്കണം. രണ്ടാംവര്‍ഷത്തിലോ തുടര്‍വര്‍ഷങ്ങളിലോ പഠിക്കുന്നവരെ പരിഗണിക്കുന്നതല്ല. ചില കോഴ്‌സുകളുടെ കൂറഞ്ഞ വിദ്യാഭ്യാസയോഗ്യത: എം.ബി.ബി.എസ്.-10+2, ബി.ഇ./ബി.ടെക്. - 10+2/ഡിപ്ലോമ, ബി.എഡ്., എം.ബി. എ.-ബിരുദം. യോഗ്യതാ കോഴ്‌സ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കുംകൂടി കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണം.അപേക്ഷ നവംബര്‍ 30-നകം നല്‍കണം.