ഒന്നാം വർഷ ബി ടെക്: ഇൻഡക്ഷൻ പരിപാടികൾ സെപ്റ്റംബർ 9 മുതൽ
 
                                സംസ്ഥാനത്തെ 142 എൻജിനീയറിംഗ് കോളേജുകളിലായി പ്രവേശനം നേടിയ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പരിപാടി സെപ്‌റ്റംബർ 9 മുതൽ ആരംഭിക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. സാങ്കേതിക സർവകലാശാലയുടെ ഈ വർഷം മുതൽ നടപ്പിലാക്കുന്ന പരിഷ്‌ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയിലെ ആദ്യ ബാച്ചും സർവകലാശാലയുടെ പത്താമത്തെ ബി ടെക് ബാച്ചുമാണിത്. സെപ്റ്റംബർ 9 മുതൽ 13 വരെ അഞ്ച് ദിവസങ്ങളിലായി ഇൻഡക്ഷൻ പരിപാടികൾ നടത്തും. ഒന്നാം ദിവസത്തെ പരിപാടികൾ അതാത് കോളേജുകൾ സംഘടിപ്പിക്കും. ഇൻഡക്ഷൻ പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്റ്റംബർ 10 ന് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ വച്ച് നടക്കുന്ന നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. സെപ്റ്റംബർ 11, 12 തീയതികളിൽ നടത്തുന്ന പരിപാടികളിൽ മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവർ ഓൺലൈനായി പങ്കെടുക്കും. സർവകലാശാല നേരിട്ട് നടത്തുന്ന പരിപാടികൾ കോളേജുകളിൽ ലൈവ് സ്ട്രീം ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            