'ബില്‍ഡ് ഇന്ത്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷകരുടെ പ്രായം 1.7.2025-ന് 23 വയസ്സ് കവിയരുത്.

ന്യൂഡൽഹി : സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പശ്ചാത്തലമുള്ള അഭിരുചിയുള്ള യുവാക്കളെ, മികച്ച പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണലുകളാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ(എല്‍ ആന്‍ഡ് ടി) കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ (എല്‍ ആന്‍ഡ് ടി ഹൗസ്, എന്‍.എം. മാര്‍ഗ്, ബല്ലാര്‍ഡ് എസ്റ്റേറ്റ്, മുംബൈ 400001) അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവരെ മദ്രാസ്/ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) അല്ലെങ്കില്‍ സൂറത്കല്‍, തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) എന്നിവയിലൊന്നില്‍ രണ്ടു വര്‍ഷത്തെ, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് ഫുള്‍ടൈം എം.ടെക്. പ്രോഗ്രാമിലേക്ക് എല്‍ ആന്‍ഡ് ടി സ്‌പോണ്‍സര്‍ ചെയ്യും.
കോര്‍ സിവില്‍/കോര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്. പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ ഇന്ത്യയിലെ ഒരു സ്ഥാപനത്തില്‍/സര്‍വകലാശാലയില്‍ പഠിക്കുന്ന 2025-ല്‍, 70 ശതമാനം മാര്‍ക്ക്/10-ല്‍ 7.0 സിജിപിഎ നേടി, ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്നവരായിരിക്കണം.
2024-ലോ മുന്‍പോ ബിഇ/ബി.ടെക്. ബിരുദം നേടിയവരെയോ മറ്റേതെങ്കിലും ഡിസിപ്ലിനില്‍ പഠിക്കുന്നവരേയോ പരിഗണിക്കില്ല. അപേക്ഷകരുടെ പ്രായം 1.7.2025-ന് 23 വയസ്സ് കവിയരുത്.ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് വിഷയ അറിവും അഭിരുചിയും അളക്കുന്ന, തിരഞ്ഞെടുത്ത കേന്ദ്രത്തില്‍ നേരിട്ടു പങ്കെടുക്കേണ്ട എഴുത്തുപരീക്ഷയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പാനല്‍ ഇന്റര്‍വ്യൂവിന് വിളിക്കും. അന്തിമ തിരഞ്ഞെടുപ്പ് എന്‍ജിനിയറിങ് ബിരുദ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ഫിസിക്കല്‍ ഫിറ്റ്‌നസിനും വിധേയമായിരിക്കും.തിരഞ്ഞെടുക്കപ്പെടുന്നവര്‍, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുമെന്നും ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം കമ്പനിയില്‍ സേവനമനുഷ്ഠിക്കുമെന്നും വ്യക്തമാക്കുന്ന അഞ്ചുലക്ഷം രൂപയുടെ സമ്മതപത്രം പ്രവേശനം നേടുംമുന്‍പ് നല്‍കണം.അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 12 വരെ www.Intecc.com വഴി നല്‍കാം.