വേട്ടക്കാരനൊപ്പമല്ല, ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല': മന്ത്രി സജി ചെറിയാൻ
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്
തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. "എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ"- എന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂ എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് സജി ചെറിയാൻ ഇന്നലെ പറഞ്ഞത്.
2009 - 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു