അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി

Aug 5, 2025
അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി
VEENA GEORGE HEALTH MINISTER

കോവളം:

അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന  വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ  ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

"ഉപ്പുമാവ് വേണ്ട, ബിർണാണി മതി" എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്നുവയസ്സുകാരൻ ശങ്കുവിന്റെ ആവശ്യമാണ് യഥാർത്ഥത്തിൽ അങ്കണവാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രചോദനമായത്. അങ്കണവാടികളിൽ മുൻപ് അളവുകളും കലോറി കണക്കുകളും അടിസ്ഥാനമാക്കിയുള്ള മെനു ആയിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സമഗ്ര വളർച്ച ലക്ഷ്യമിട്ട്, രുചികരമായ ഭക്ഷണങ്ങളിലൂടെ അവർക്ക് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയതാണ് പുതിയ മെനു. എഗ്ഗ് ബിരിയാണി, വെജിറ്റബിൾ പുലാവ്, സോയാബീൻ ഫ്രൈ, ഓംലറ്റ് തുടങ്ങിയ ഇഷ്ടഭക്ഷണം കുഞ്ഞുങ്ങൾക്ക് അങ്കണവാടികളിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബിരിയാണി ഉൾപ്പടെയുള്ള പരിഷ്ക്കരിച്ച മെനു പ്രഖ്യാപിച്ചപ്പോൾ അങ്കണവാടികളിൽ ലഭ്യമായ വിഭവങ്ങളെയും അതിന്റെ നിലവാരത്തെയും കുറ്റം പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഇന്ന്  

ഇവിടെ ഒരുക്കിയ ഭക്ഷണം. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും നിന്നുള്ളവർ ഇന്നിവിടെ ബിരിയാണിയും പുലാവും ഒരുക്കിയിട്ടുണ്ട്. ഈ വിഭവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതും രുചികരവുമാണ്. അങ്കണവാടികളിൽ ലഭ്യമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഐഎച്ച്എംസിടിയിലെ സീനിയർ ലക്ച്ചറും പ്രൊഫഷണൽ ഷെഫുമായ പ്രതോഷ് പി പൈ പുതിയ വിഭവങ്ങൾ രുചിച്ച് വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞത്. കൂടാതെ, ഡോക്ടർമാരും പുതിയ മെനുവിന് അനുകൂലമായ അഭിപ്രായമാണ് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 

നമ്മുടെ കുരുന്നുകൾക്കായി നമ്മൾ ഒറ്റക്കെട്ടായി സ്നേഹത്തോടെ നടത്തുന്ന ഈ പ്രവർത്തനം ചരിത്രത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ സംരംഭത്തിൽ കൈകോർക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും, പരിശീലനം സംഘടിപ്പിക്കാൻ സഹായം നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി ടീമിനെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ഈ പദ്ധതിയെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണങ്ങൾ ഉണ്ടായതായും മന്ത്രി കൂട്ടിച്ചേർത്തു. 

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ ടി അനന്ത കൃഷ്‌ണൻ തുടങ്ങിയവർ സന്നിഹിതരായി. 

സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത 56 സിഡിപിഒ മാർക്കും സൂപ്പർവൈസർമാർക്കും മാസ്റ്റർ ട്രെയിനർമാർ എന്ന നിലയിൽ ശില്പശാലയിൽ പരിശീലനം നൽകും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.