പരസ്യപ്രചാരണം കൊട്ടിക്കലാശം: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു.
തിരുവനന്തപുരം : 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു.
ജില്ലയിലെ പേരൂർക്കട, തിരുമല, വട്ടിയൂർക്കാവ്, കിഴക്കേക്കോട്ട, വിഴിഞ്ഞം. പാപ്പനംകോട്, ശ്രീകാര്യം, കഴക്കൂട്ടം കല്ലിയൂർ, ബീമാപ്പള്ളി-പൂന്തുറ, നെയ്യാറ്റിൻകര ടൗൺ, ആറ്റിങ്ങൽ കച്ചേരിനട, കിളിമാനൂർ, വിതുര, വർക്കല മൈതാനം, പാറശ്ശാല, ഉദിയൻകുളങ്ങര, വെഞ്ഞാറമൂട്, വെള്ളറട ജംക്ഷൻ, കാട്ടാക്കട ജംക്ഷൻ എന്നിവിടങ്ങളാണ് പരസ്യ പ്രചാരണത്തിന്റെ അവസാനം കുറിക്കുന്ന കൊട്ടിക്കലാശത്തിന്റെ പ്രധാന വേദികൾ. കൊട്ടിക്കലാശസമയത്ത് സ്ഥാനാർത്ഥികളും രാഷ്ട്രീയകക്ഷികളും അനുവർത്തിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ ചുവടെ.
**കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തേണ്ടതും 24/04/2024 നു വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കേണ്ടതുമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്.
**കൊട്ടിക്കലശവുമായി ബന്ധപ്പെട്ട് വിദ്വേഷം സൃഷ്ടിക്കുന്നതോ വർഗ്ഗീയ സംഘർഷത്തിനിടയാക്കുന്നതോ ആയ യാതൊരു പ്രവർത്തനവും ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥിയുടെയും ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. എതിർസ്ഥാനാർത്ഥികളുടെ പ്രചാരണം തടസ്സപ്പെടുത്തുന്ന തരത്തിലോ പ്രകോപനപരമായ രീതിയിലോ സ്ഥാനാർത്ഥികളോ അവരുടെ പ്രവർത്തകരോ പെരുമാറാൻ പാടില്ല.
**മറ്റ് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് അവരുടെ നയങ്ങൾ, പദ്ധതികൾ/പരിപാടികൾ മുൻകാല പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചു മാത്രമായിരിക്കണം. സ്ഥാനാർത്ഥികളുടെ വ്യക്തിജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ പാടില്ല. മാന്യതയെയും ധാർമ്മികതയെയും വ്രണപ്പെടുത്തുന്നതോ ദുരുദ്ദേശ്യപരമോ ആയ പ്രസ്താവനകൾ കൊട്ടിക്കലാശ സമയത്തു നടത്തരുത്.
**വോട്ട് ഉറപ്പിക്കുന്നതിന് ജാതിയോ വർഗീയ വികാരമോ ഉപയോഗിക്കരുത്. മസ്ജിദുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ കൊട്ടിക്കലാശത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.
**നിയമാനുസൃത അനുമതി ലഭ്യമായ വാഹനങ്ങൾ മാത്രമേ കൊട്ടിക്കലാശ പ്രചരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. കൊട്ടിക്കലാശം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാത്ത രീതിയിൽ നടത്തപ്പെടുന്നുവെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. പൊതുമുതലിന് നാശം വരുത്തുന്ന രീതിയിൽ പ്രകടനങ്ങൾ അതിരുവിടുന്ന പക്ഷം നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.