അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവൻ

*അഭിമാനത്തോടെ തൃശൂർ മെഡിക്കൽ കോളേജ്

Nov 27, 2024
അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവൻ
adivasi youth

തൃശൂർ:ഇടത് തോളെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ഹൃദയത്തിൽ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്ക്ലേവിയൻ ആർട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാൽ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന അതി സങ്കീർണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

        ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തീയറ്ററിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്ക്ലേവിയൻ ആർട്ടറി കണ്ടെത്തുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ് എന്നിരിക്കെ രക്തം വാർന്ന് കൊണ്ടിരിക്കുമ്പോൾ അത് കൂടുതൽ ശ്രമകരമായി മാറി. ഈ ധമനിയോട് ചേർന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയൽ പ്ലക്സസിന് ക്ഷതം ഏൽപിക്കാതെ ഈ ധമനി കണ്ടെത്തി തുന്നിച്ചേർക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് ചെറുതായെങ്കിലും പരാജയപ്പെട്ടാൽ രക്തം വാർന്നു നിമിഷങ്ങൾക്കകം മരണം സംഭവിക്കാം, അല്ലെങ്കിൽ ഇടതുകൈയ്യുടെ ചലനം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ.

        മുറിവേറ്റ ധമനിയ്ക്ക് മേൽ വിരലുകൾ കൊണ്ട് മർദ്ദം ചെലുത്തി രക്തസ്രാവം നിയന്ത്രിച്ചു നിർത്തുകയും അതേ സമയം നിമിഷ നേരം കൊണ്ട് നെഞ്ചെല്ല് തുറക്കുകയും ചെയ്തു. അടുത്തതായി രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന ധമനിയെ തുന്നിച്ചേർക്കുക എന്ന കഠിനമായ ദൗത്യമായിരുന്നു. അതും വിജയകരമായി പൂർത്തിയാക്കി. അങ്ങിനെ മൂന്ന് മണിക്കൂർ നീണ്ടുനിന്ന യജ്ഞത്തിനൊടുവിലാണ് യുവാവിനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്.

        ശസ്ത്രക്രിയയ്ക്ക് ശേഷം 20 ദിവസം സർജറി 4 യൂണിറ്റ് ടീമും പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ്‌സ് ടീമും മികച്ച പരിചരണം നൽകി. ഏതൊരു മൾട്ടിസ്പെഷ്യാൽറ്റി ആശുപത്രിയോടും കിടപിടിക്കുന്ന ആധുനിക സജ്ജീകരണങ്ങളും കഴിവുറ്റ ചികിത്സാ വിദഗ്ദ്ധരും നൽകുന്ന നിസ്തുലമായ സേവനങ്ങളുമായി തൃശൂർ മെഡിക്കൽ കോളേജ് 45 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ആദിവാസി യുവാവിന് കരുതൽ ഒരുക്കിയത്.

        രണ്ട് സർജറി യൂണിറ്റുകളുടെ മേധാവിമാരായ ഡോ. രവീന്ദ്രൻ സി, ഡോ. ഹരിദാസ്, സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. പ്രവീൺ, അനസ്തേഷ്യ പ്രൊഫസർ ഡോ. സുനിൽ എം എന്നിവരുടെ നേതൃത്വത്തിൽ, ഡോ. പാർവതി, ഡോ. നാജി, ഡോ. അഞ്ജലി, ഡോ. സിജു, ഡോ. അഞ്ജന തുടങ്ങിയ ഡോക്ടർമാരുടെ സംഘവും, നഴ്സിംഗ് ഓഫീസർമാരായ അനു, ബിൻസി എന്നിവരുടെ സംഘവുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

        പ്രിൻസിപ്പൽ ഡോ. അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ. സനൽകുമാർ കെബി, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പിവി, ആർഎംഒ ഡോ. ഷാജി യുഎ, എആർഎംഒ ഡോ. ഷിബി എന്നിവർ ഭരണപരമായ ഏകോപനം നൽകി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.