അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്

സൗദി : ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.
കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.