നഗര സൗന്ദര്യവൽക്കരണം: ചങ്ങനാശ്ശേരിയിൽ ഏപ്രിൽ പത്തിനു തുടങ്ങും

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന നഗരസൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ആലോചനായോഗം ചേർന്നു. ചങ്ങനാശേരി നഗരസഭയിൽ ഏപ്രിൽ പത്തിന് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഓരോ വാർഡിലും വിളംബര ജാഥയോടെയായിരിക്കും തുടക്കം. നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പദ്ധതി വിശദീകരിച്ചു.
പ്രധാന പാതയോരങ്ങൾ, നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങൾ, റൗണ്ടാനകൾ എന്നിവ ആദ്യ ഘട്ടത്തിൽ സൗന്ദര്യവൽക്കരിക്കും. ഈ സ്ഥലങ്ങളിലെ പാതകളുടെ ഇരുവശത്തും ചെടികൾ നട്ടുവളർത്തി പരിപാലിക്കും. വ്യാപാര സ്ഥാപന ഉടമകളുടെയും വിവിധ ക്ലബ്ബുകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ പൊതുജന സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും.
ഓട്ടോറിക്ഷാ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, സ്‌കൂളുകൾ , കോളജുകൾ തുടങ്ങിയവരുടെയും സഹകരണത്തോടെയാകും ചെടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. നഗരസഭയിലെ 37 വാർഡുകളിലും അതത് നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ നടത്തും. മേയ് അവസാനത്തോടെ പൂർത്തിയാകും. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് കൺവീനർ ആയുള്ള സമിതി പദ്ധതിയുടെ മേൽനോട്ടം വഹിക്കും.
നഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, നഗരസഭാംഗങ്ങളായ രാജു ചാക്കോ, എത്സമ്മ ജോബ്, ഗീതാ അജി. ഇ. എസ്. നിസാർ, ബാബു തോമസ്, അരുൺ മോഹൻ, ബീനാ ജോബി, കുഞ്ഞുമോൾ സാബു, സ്മിത സുനിൽ, ലിസി വർഗീസ്, ആശ ശിവകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്ത നവകേരളം കോ -ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ടു ചങ്ങനാശ്ശേരി നഗരസഭാ ഹാളിൽ ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാകളക്ടർ ജോൺ വി. സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗം.