കൊച്ചി വിമാനത്താവളത്തിൽ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു
ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റിൽ കമീഷൻ ചെയ്യും.

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാ'മിന്‍റെ ഭാഗമായി രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റിൽ കമീഷൻ ചെയ്യും.
ഡൽഹി വിമാനത്താവളത്തിലാണ് കഴിഞ്ഞമാസം രാജ്യത്ത് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. കൊച്ചിയിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്‍റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്‍റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫിസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്