ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു
ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ. ബിനേഷ് (50) ആണ് മരിച്ചത്

ന്യൂഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി ഉത്തംനഗർ ഹസ്ത്‌സാലിലായിരുന്നു താമസം.വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്.ചൂടേറ്റ് തളർന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം ട്രെയിനിങ് സെന്ററിന് അടുത്തുള്ള ശുഭം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പശ്ചിം വിഹാർ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.