പൊന്നാനി മരക്കടവിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗൻവാടിക്ക് മനോഹരമായ കെട്ടിടമുയർന്നു
അംഗൻവാടിയുടെ ഉദ്ഘാടനം ബിനോയ് വിശ്വം എം.പി നിർവ്വഹിച്ചു
പൊന്നാനി :പൊന്നാനി മരക്കടവിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗൻവാടിക്ക് മനോഹരമായ കെട്ടിടമുയർന്നു. അംഗൻവാടിയുടെ ഉദ്ഘാടനം ബിനോയ് വിശ്വം എം.പി നിർവ്വഹിച്ചു. പതിറ്റാണ്ടുകളായി വിവിധ വാടക കെട്ടിടങ്ങളില്‍ മാറിമാറി പ്രവര്‍ത്തിച്ചിരുന്ന അംഗൻ വാടിയാണ് സ്വന്തമായ സ്ഥലത്ത് മനോഹരമായ കെട്ടിത്തിൽ പ്രവർത്തനം തുടങ്ങിയത്.പൊന്നാനി നഗരസഭയിലെ വാര്‍ഡ് 49 ല്‍ പ്രവര്‍ത്തിക്കുന്ന 25-ാം നമ്പര്‍ അംഗൻവാടി കെ.ബി.എസ് ഫാമിലി സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയിലാണ് നിർമ്മിച്ചത്. പൊന്നാനി നഗരസഭയുടെ കീഴിയില്‍ 83 അംഗൻവാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ നഗരസഭ അഭ്യര്‍ത്ഥന നടത്തിയിരുന്നു. നഗരസഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇതോടകം വിവിധ വ്യക്തികള്‍ ഭൂമി കൈമാറിയിട്ടുണ്ട്. രണ്ട് നിലകളിലായ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അംഗൻവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ബിനോയ് വിശ്വം എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. അംഗൻവാടി പ്രവർത്തനോദ്‌ഘാടനം ബിനോയ് വിശ്വം എം.പി നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. അക്ബർ ട്രാവൽസ് എം.ഡി കെ.വി നാസർ മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ ശംസു , ഷീന സുദേശൻ, രജീഷ് ഊപ്പാല, കൗൺസിലർ ഷഹല നിസാർ, എ.കെ ജബ്ബാർ, വി.പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അജീന ജബ്ബാർ സ്വാഗതവും, സി.ഡി.പി.ഒ സൈനബ നന്ദിയും പറഞ്ഞു.