നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയനോട്ടീസില്‍ നിയമസഭയില്‍ വാക്പോരുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്എഫ്ഐയെ ന്യായീകരിച്ചുകൊണ്ട് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് മുഖ്യമന്ത്രി അവര്‍ക്ക് നല്‍കുകയാണെന്ന് സതീശന് വിമര്‍ശിച്ചു.
നെറികേടിന്റെ ഇന്‍ക്യുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്ഐ. കാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി എതിര്രാഷ്ട്രീയപ്രവര്ത്തനം നടത്താന്‍ എഐഎസ്എഫിനെ പോലും അവര്‍ അനുവദിക്കുന്നില്ല.
എസ്എഫ്ഐയേക്കുറിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗം എഴുതിയത് ഫാസിസ്റ്റ് കഴുകന് കൂട്ടങ്ങളെന്നാണ്. ഗാന്ധി ചിത്രം മാലയിടാനാണോ എസ്എഫ്ഐക്കാര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതെന്നും സതീശന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തതാണ്. ആ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂവെന്നും സതീശന് പറഞ്ഞു. നവകേരളാ യാത്രയിലെ മര്‍ദനത്തെ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ട്.
നിങ്ങള്‍ തിരുത്തുന്നില്ലെന്ന് തെളിഞ്ഞു. നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സതീശന് വിമര്‍ശിച്ചു. എന്നാല്‍ താന്‍ മഹാരാജാവല്ല ജനങ്ങളുടെ ദാസനാണെന്നും എല്ലാക്കാലത്തും താന്‍ ജനത്തിനൊപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.