ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ, തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും: മുഖ്യമന്ത്രി
തിരുവനന്തപുരം :ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനം അല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി. എസ്എഫ്ഐയുടെ വളർച്ച പടിപടിയായിട്ടാണ് ഉണ്ടായത് എന്നും ഒരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പുറത്തുനിന്നുള്ളവർ പ്രവേശിച്ചതാണ് കാര്യവട്ടം ക്യാമ്പസിലെ തർക്കത്തിൽ കലാശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . കെഎസ്‌യു പ്രവർത്തകനൊപ്പം ആണ് പുറത്തുനിന്നുള്ള ആൾ ക്യാമ്പസിൽ എത്തിയത്. 15 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേസിൽ അന്വേഷണം നടക്കുന്നു.ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസിന് നേരെ പ്രതിഷേധമുയർത്തി. കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് പൊലീസിനെ നേരെ കല്ലേറ് ഉണ്ടായി.ചാണ്ടി ഉമ്മൻ എം വിൻസൻറ് കെ എസ് യു പ്രവർത്തകർ എന്നിവർക്കെതിരെ ഇതിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയെന്നും
ഒരു തരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഇല്ലാതെയാണ് പൊലീസ് നടപടിയെടുത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു .ക്യാമ്പസുകളിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഇടപെടലാണ് നടത്തുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഉണ്ടായിരുന്ന ഗാന്ധി ചിത്രം എസ്എഫ്ഐക്കാർ തകർത്ത് എന്ന വാർത്തയുടെ വസ്തുതയെ കുറിച്ചും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
എകെജി സെൻറർ ആക്രമണ കേസിനെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.തെറ്റായ രീതികൾ പ്രചരണത്തിനു വേണ്ടി നിങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്എഫ്ഐയെ അധിക്ഷേപിക്കുന്നതിന് വേണ്ടി ബോധപൂർവ്വം ശ്രമം നടന്നപ്പോൾ അതിന് അതിരു വേണ്ടേ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടാകാം. യൂണിവേഴ്സിറ്റി കോളേജിലെ ചാപ്പ കുത്തിയ സംഭവത്തെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 35 എസ്എഫ്ഐ പ്രവർത്തകരാണ് ഈ നാട്ടിൽ കൊലചെയ്യപ്പെട്ടത്.ഇത്തരം ഒരു സാഹചര്യം കെ എസ് യു വിന് പറയാനുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.വാഹനത്തിൻറെ മുന്നിലേക്ക് ചാടി വീഴുന്നവരെ പിടിച്ചു മാറ്റുന്നത് രക്ഷാപ്രവർത്തനം തന്നെയല്ലേ, ഞാൻ കണ്ട വസ്തുത പറയാൻ ഞാൻ ബാധ്യസ്ഥൻ അല്ലേ എന്നും ബഹളം വെച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതെ ആകില്ലല്ലോ എന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.ഇ പി ജയരാജനെ കുറിച്ചുള്ള വാർത്തയെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.