തെരുവുനായ ശല്യം: മെഡിക്കൽ കോളജ് ക്യാമ്പസിൽ ഷെൽട്ടർ ഒരുക്കും
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനുള്ളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ തന്നെ ഷെൽട്ടർ നിർമിക്കാൻ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രി ചേർന്ന യോഗത്തിൽ ധാരണ. ഷെൽട്ടർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഈയാഴ്ച തന്നെ പരിശോധന നടത്തി യോഗം ചേർന്ന് ഉടൻ തന്നെ നിർമാണപ്രവർത്തികൾ ആരംഭിക്കും. മെഡിക്കൽ കോളജിനുള്ളിലെ തെരുവുനായ്ക്കളെ അതുവരെ താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റും. നായ്ക്കളുടെ പരിപാലനം ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയായിരിക്കും. മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരെ മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ നായ്ക്കൾ കടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ് എന്നിവർ പങ്കെടുത്തു.