സ്‌കൂൾ തുറക്കൽ: കൂട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
HEALTH
കോട്ടയം: സ്‌കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തിൽനിന്നു തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളും എത്തുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾ പകരാതിരിക്കാൻ സ്‌കൂൾ അധികൃതരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കണം. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ്, എക്‌സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്‌കൂൾ പരിസരങ്ങളിൽ പരിശോധന നടത്തും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- സ്‌കൂളിൽ പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.
-തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട്. കുട്ടികൾക്ക് എല്ലാ ദിവസവും വൃത്തിയുള്ള തൂവാല കൊടുത്തയയ്ക്കാൻ മറക്കരുത്.
-പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിൽ അയയ്ക്കരുത്. കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നൽകണം.
-തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്കു കഴിക്കാൻ നൽകരുത്. പുറമെ നിന്ന് കുട്ടികൾ ഭക്ഷണസാധങ്ങൾ വാങ്ങിക്കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
-ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
-ജൂൺ 5, 12, 19 തീയതികളിൽ സ്‌കൂളിൽ നടക്കുന്ന ശുചീകരണ-കൊതുകുനിവാരണ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുക.
-വീടുകളിൽ കൊതുക് വളരുന്നതരത്തിൽ ഒരിടത്തും ശുദ്ധ ജലം കെട്ടിനിൽക്കുന്നില്ലെന്ന് എന്നുറപ്പാക്കണം.
- സ്‌കൂൾ കഴിഞ്ഞു വന്നാൽ നിർബന്ധമായും കൈയും മുഖവും കാലുകളും കഴുകിയശേഷം മാത്രം വീട്ടിൽ പ്രവേശിപ്പിക്കണം.
- അഞ്ച്, പത്ത് വയസുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്കു കൃത്യമായി നൽകണം.
- കുട്ടികൾ ആറു മുതൽ എട്ടു വരെ മണിക്കൂർ ഉറക്കവും 45 മിനിറ്റ് വ്യായാമവും ശീലിപ്പിക്കണം.
സ്‌കൂളുകളുടെ 100 വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് തടയാൻ സ്‌കൂൾ അധികൃതർ നടപടികൾ സ്വീകരിക്കണം. സ്‌കൂളിലെ കുടിവെള്ള സ്രോതസുകൾ ഗുണനിലവാര പരിശോധന നടത്തുകയും ശാസ്ത്രീയമായി അണുനശീകരണം നടത്തുകയും പരിസരം ശുചിയായി സൂക്ഷിക്കുകയും വേണം.