പമ്പ- സന്നിധാനം റോപ്പ് വേയ്‌ക്ക് ഉടന്‍ അനുമതി: നിലയ്‌ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഒരുക്കും
ശബരിമല: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ് വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. ഇത് സംബന്ധിച്ച നിയമനടപടികളെല്ലാം പൂര്‍ത്തിയായി. അന്തിമാനുമതി ഉടന്‍ ലഭിക്കും. പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനത്തേക്ക് 2.7 കി. മീറ്റര്‍ വരുന്നതാണ് റോപ് വേ.
വരുന്ന മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാല ഒരുക്കം ആലോചിക്കാന്‍ പമ്പയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പരാതിരഹിതമായ തീര്‍ത്ഥാടനകാലമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ലക്ഷ്യമിടുന്നത്. ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെ യോഗവും നടക്കും. വാഹന പാര്‍ക്കിങ്ങിന് നിലയ്‌ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. നിലവില്‍ 8000 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. 2000 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കും.
പമ്പയിലും സന്നിധാനത്തും ചില ഘട്ടത്തില്‍ ഉണ്ടാവുന്ന തീര്‍ത്ഥാടകരുടെ അധിക തിരക്ക് ലഘൂകരിക്കാനും നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശനത്തിന് കൂടുതല്‍ ക്രമീകരണത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തിങ്കളാഴ്ച വൈകിട്ട് പമ്പയിലെത്തിയ മന്ത്രി ചൊവ്വാഴ്ച സന്നിധാനത്തെത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി മഹേഷ് നമ്പൂതിരിയേയും സന്ദര്‍ശിച്ചു.