മോട്ടോർവാഹനവകുപ്പ് ജനകീയ സദസ് സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിനുമായി മോട്ടോർ വാഹനവകുപ്പും കോട്ടയം നഗരസഭയും ചേർന്നു കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം സംഘടിപ്പിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പുതിയ റൂട്ടുകൾ സംബന്ധിച്ചുള്ള പ്രൊപ്പോസൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കു നഗരസഭാംഗം സാബു മാത്യു കൈമാറി.
കോട്ടയം താലൂക്കിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ബസ്സ് ഉടമകൾ, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികൾ എന്നിവർ യോഗത്തിൽ തങ്ങളുടെ നിർദേശങ്ങൾ അവതരിപ്പിക്കുകയും പുതിയ റൂട്ട് സംബന്ധിച്ച പ്രൊപ്പോസലുകൾ സമർപ്പിക്കുകയും ചെയ്തു. റൂട്ട് പ്രൊപ്പോസലുകൾ സംബന്ധിച്ചുള്ള സാധ്യത പഠനം നടത്തി ഉചിതമായുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ഡിവൈഎസ്പി അനീഷ്, കെഎസ്ആർടിസി കോട്ടയം ഡി.ടി.ഒ. അനിൽകുമാർ, കോട്ടയം ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജാക്‌സൺ ജോസഫ് എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ: മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ജനകീയ സദസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിവേദനങ്ങൾ സ്വീകരിക്കുന്നു.