ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം

TVM

Jun 15, 2024
ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം :ആഗോള പ്രവാസികളുടെ ഉത്സവസംഗമമായ ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 3.45ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായത്.

2018 ൽ 35 രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി ആരംഭിച്ച ലോകകേരള സഭ 2020 ൽ എത്തിയപ്പോൾ 48 രാജ്യങ്ങളാകുകയും പിന്നീട് 2022ലെത്തിയപ്പോൾ അത് 63 രാജ്യങ്ങളിലായി വളരുകയും ചെയ്തുവെന്നും നാലാമത് സമ്മേളനത്തിൽ എത്തുമ്പോൾ 100 ലധികം എന്ന നിലയിലേക്ക് രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുകയും ചെയ്തത് ഈ ആശയത്തിന്റെ വിജയമാണ് വെളിവാക്കുന്നതെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. പ്രവാസി സമൂഹത്തിനൊപ്പം വളരുന്ന നാടായി കേരളവും അഭിവൃദ്ധിയിലേക്ക് നടക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ നിയമസഭാ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും ആയ 169 പേരും പ്രവാസികളായ 182 പേരും അടങ്ങുന്ന 351 ഇന്ത്യൻ പൗരന്മാരാണ് ലോക കേരള സഭയിൽ അംഗങ്ങളായിട്ടുള്ളത്. രാജ്യത്തിന് പുറത്തുള്ള 104 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 36 പേരും പ്രവാസത്തിനുശേഷം തിരിച്ചെത്തിയ 12 പേരും പ്രവാസികളായ 30 പേരും ലോക കേരള സഭയിൽ ഉൾപ്പെടുന്നു എന്നത് പ്രവാസികളിലെ തന്നെ വിവിധ മേഖലകളിലെ പ്രാതിനിധ്യം വെളിവാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

പ്രവാസി പ്രമുഖർ അടങ്ങുന്ന വിവിധ മേഖലകളിലെ 200 ഓളം പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യവും ഇത്തവണത്തെ ലോക കേരള സഭയെ അർത്ഥവത്താക്കുന്നതായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ചീഫ് സെക്രട്ടറി സഭാ നടപടികൾ ആരംഭിക്കാനായി മുഖ്യമന്ത്രിയെയും സ്പീക്കറെയും വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് സ്പീക്കർ കുവൈറ്റ് അപകടത്തെ സംബന്ധിച്ച ലോക കേരള സഭയുടെ അനുശോചനം അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചു. അനുശോചന പ്രമേയത്തിനുശേഷം സ്പീക്കർ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. റവന്യൂ മന്ത്രി കെ. രാജൻ, ജോൺ ബ്രിട്ടാസ് എം.പി, കെ.ടി. ജലീൽ എം.എൽ.എ, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കെ.ജി സജി, ജോയിറ്റാ തോമസ്, ബാബു സ്റ്റീഫൻ, വിദ്യാ അഭിലാഷ്, ഗോകുലം ഗോപാലൻ, കെ.വി. അബ്ദുൾഖാദർ എന്നിവരായിരുന്നു പ്രിസീഡിയം അംഗങ്ങൾ. വ്യവസായികളായ എം.എ യൂസഫലി, രവിപിളള, ആസാദ് മൂപ്പൻ എന്നിവർക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ബാബു സ്റ്റീഫൻ, സിവി റപ്പായി, ഗോകുലം ഗോപാലൻ, അനീസ ബീവി, കെ  പി മുഹമ്മദ് കുട്ടി, ജുമൈലത്ത് ആദം യൂനുസ്, ഇ വി ഉണ്ണികൃഷ്ണൻ, എ വി അനൂപ്, പുത്തൂർ റഹ്‌മാൻ, ജൈ കെ മേനോൻ, ബിജുകുമാർ വാസുദേവൻ പിള്ള എന്നിവർ ലോക കേരള സഭയ്ക്ക് ആശംസകൾ അർപ്പിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.