ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

Jun 28, 2024
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

തിരുവനന്തപുരം:ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ  അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് വിശദീകരിച്ചു. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂനികുതിയുൾപ്പടെ പ്രധാന ഇടപാടുകൾ ഓൺലൈൻ വഴിയാക്കിത്തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകൾ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പുകൽപ്പിച്ചു. 3,660 അപേക്ഷകൾമാത്രമാണ് പലവിധ കാരണങ്ങളാൽ തീർപ്പാകാതെ കിടക്കുന്നത്.

ജോലിത്തിരക്കുള്ള ആർഡിഒ ഓഫീസുകളിൽ ഇത്തരത്തിൽ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തരംമാറ്റ നടപടികൾ ഓൺലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. ഓൺലൈൻ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ കഴിഞ്ഞ രാത്രിവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഈ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതൽ താലൂക്കടിസ്ഥാനത്തിൽ തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.