സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം
ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള ഈ പുരസ്‌കാരം കവി പ്രഭാവര്‍മ്മയാണ്, നമ്മുടെ കേരളത്തിലേക്കും മലയാള ഭാഷയിലേക്കും എത്തിച്ചത്
തിരുവനന്തപുരം : ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള ഈ പുരസ്‌കാരം കവി പ്രഭാവര്‍മ്മയാണ്, നമ്മുടെ കേരളത്തിലേക്കും മലയാള ഭാഷയിലേക്കും എത്തിച്ചത്. ‘രൗദ്രസാത്വികം’ എന്ന കൃതിക്കു ലഭിച്ച ഈ അംഗീകാരത്തിലൂടെ കവി പ്രഭാവര്‍മ്മയ്ക്കൊപ്പം നമ്മുടെ നാടും ഭാഷയും കൂടിയാണ് ആദരിക്കപ്പെടുന്നത്.ക്ലാസിക്കല്‍ പദവി നേടിയ മലയാള ഭാഷാ സാഹിത്യം ഇന്ത്യയിലെ മറ്റെല്ലാ ഭാഷാ സാഹിത്യങ്ങള്‍ക്കും മുകളില്‍ സ്ഥാനം നേടുന്ന മഹത്വത്തിന്റെ ശ്രേഷ്ഠ മുഹൂര്‍ത്തമാണിത്. ഹരിവംശറായി ബച്ചനില്‍ തുടങ്ങിയ സരസ്വതി സമ്മാന്‍, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്കാണ് ഇതിനുമുമ്പ് മലയാളത്തില്‍ ലഭിച്ചിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ചലച്ചിത്ര ഗാനരചനയ്ക്കുള്ള രജത് കമല്‍ ദേശീയ പുരസ്‌കാരം, എന്നിവയടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ മുമ്പു നേടിയിട്ടുള്ള പ്രഭാവര്‍മ്മ, സരസ്വതി സമ്മാനിലൂടെ ദേശീയ സാഹിത്യ വ്യക്തിത്വങ്ങളുടെ നിരയിലേക്കുയര്‍ന്നു നില്‍ക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.