കുടുംബശ്രീ ഹാപ്പിനെസ് സെന്ററുകൾ ആഗസ്ത് 17മുതൽ

തിരുവനന്തപുരം : കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തി സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള കുടുംബശ്രീയുടെ "ഹാപ്പിനെസ് സെന്ററുകൾ' ആഗസ്ത് 17 മുതൽ പ്രവർത്തനസജ്ജമാകും. തെരഞ്ഞെടുക്കപ്പെട്ട 168 സിഡിഎസിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സിഡിഎസുകളുടെ പരിധിയിൽപ്പെടുന്ന കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഹാപ്പിനെസ് ഫോറം രൂപീകരിക്കുന്നതോടൊപ്പം ഓരോ റിസോഴ്സ് പേഴ്സണെയും നിയമിക്കും. പദ്ധതി നടപ്പാക്കുന്ന ഓരോ സിഡിഎസിലും പത്തുമുതൽ നാൽപ്പതുവരെ കുടുംബങ്ങളെ ഉൾപ്പെടുത്തി "ഇടം' എന്ന പേരിൽ വാർഡുതല കൂട്ടായ്മകളും രൂപീകരിക്കും.
ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാക്കുന്നതിനൊപ്പം സാമൂഹ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. കൂടാതെ പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികൾ, വിഷയ വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട പരിശോധനാ സംഘത്തിനും രൂപം നൽകും. പദ്ധതി നടത്തിപ്പിന് സംസ്ഥാന, ജില്ലാ തലത്തിൽ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, അതത് തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ട്.
ഇവർക്കെല്ലാമുള്ള പരിശീലനം ജൂലൈ 30നകം പൂർത്തിയാകും. ആഗസ്ത് ഒന്നുമുതൽ എഡിഎസ് അംഗങ്ങൾക്കുള്ള വാർഡുതല പരിശീലനവും ആരംഭിക്കും. പദ്ധതിയുടെ പ്രവർത്തനരീതി, മാർഗരേഖ എന്നിവ തയ്യാറാക്കുന്നതിനുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല വെള്ളിയാഴ്ച സമാപിച്ചു.