കുടുംബത്തെ കമ്പനി സംരക്ഷിക്കും,ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾക്ക് ജോലിയും ഉന്നതവിദ്യാഭ്യാസവും നൽകുമെന്ന് കെ ജി എബ്രഹാം
KUWAIT
കുവൈത്തിലെ മാംഗെഫിലെ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 ജീവനക്കാർ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എൻബിടിസി ഡയറക്ടർ കെ.ജി.എബ്രഹാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. അപകടമുണ്ടായ സമയത്ത് തിരുവനന്തപുരത്തായിരുന്നു. എല്ലാ തൊഴിലാളികളെയും കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. ക്യാമ്പുകൾ സുരക്ഷിതമാണോയെന്നത് സ്ഥിരമായി വിലയിരുത്താറുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ തന്റെ കുടുംബാംഗങ്ങൾ സന്ദർശിക്കും. അവർക്കാവശ്യമായ എല്ലാ പിന്തുണയും നൽകും.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ ചിലർ തൊഴിൽ ആവശ്യപ്പെട്ടിരുന്നു. അവർക്ക് ജോലി നൽകും. ദുരന്തത്തിൽ ക്ഷമ ചോദിക്കുന്നു. സംഭവമറിഞ്ഞ് വീട്ടിലിരുന്ന് കരയുകയായിരുന്നു. 25 വർഷത്തോളമായി ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നവരായിരുന്നു അവരിൽ പലരും.
ഞങ്ങളുടെ തെറ്റുമൂലം സംഭവിച്ച ദുരന്തമല്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവരാണ് കമ്പനി പടുത്തുയർത്തിയത്. അവർ ഞങ്ങളുടെ കുടുംബമാണ്. എല്ലാ തൊഴിലാളികൾക്കും ലൈഫ് ഇൻഷുറൻസ് ഉണ്ടായിരുന്നു. മരിച്ചവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുംഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. കമ്പനിയുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതല്ല. ആരെയും മുറിയിൽ പാചകം ചെയ്യാൻ അനുവദിക്കാറില്ല. അടുക്കളയിലാണ് പാകം ചെയ്യുന്നത്. കമ്പനിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ക്യാമ്പിൽ താമസവും ആഹാരവും സൗജന്യമായിരുന്നു. ഓരോ മുറിയിലും മൂന്നോ നാലോ പേരാണ് താമസിച്ചിരുന്നത്. തിങ്ങിക്കൂടിയായിരുന്നില്ല തൊഴിലാളികൾ കഴിഞ്ഞിരുന്നത്.20 പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടസമയത്ത് 70 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടം പഴയതായിരുന്നില്ല. എസി സൗകര്യമുള്ള പുതിയ കെട്ടിടമായിരുന്നു അത്. കെട്ടിടം വാടകയ്ക്ക് എടുത്തതായിരുന്നു. ഓരോ മൂന്ന് മാസത്തിലും സുരക്ഷാപരിശോധനകൾ നടത്തിയിരുന്നു. സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയും നടത്തിയിട്ടില്ലെന്നും കെ ജി എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.