കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി *നാല് വർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായി

Jul 2, 2024
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി *നാല് വർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായി

തിരുവനന്തപുരം :കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാല് വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാല് വർഷ ബിരുദ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസത്തിന്റെ  സ്വാഭാവിക തുടർച്ചയെന്ന നിലയിലാണ് ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ  പ്രഥമ പരിഗണന നൽകുന്നത്. വൈജ്ഞാനിക മേഖലയിലെയും തൊഴിൽ മേഖലകളിലെയും മാറ്റത്തിനനുസരിച്ച് അക്കാദമിക രീതികളും മാറണം. ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാറിയതായി കാണാം. ജ്ഞാനോൽപ്പാദനം  നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയിൽ അവ മാറി. ഡാറ്റ സയൻസ്മെഷീൻ ലേണിങ്ങ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയ വൈജ്ഞാനിക ശാഖകൾ വളരുവാൻ ആരംഭിച്ചു. ഇതുക്കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.

ഉള്ളടക്കത്തിലും ഘടനയിലും വലിയ മാറ്റങ്ങൾക്ക് വിധേയമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയെന്ന നിലയിൽ  കരിക്കുലം പരിഷ്‌ക്കരിക്കുകയും കാലാനുസൃത മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഒരു വർഷക്കാലം ഇൻഡസ്ട്രിയൽ ട്രയിനിംഗടക്കം നൽകാൻ കഴിയുന്ന രീതിയിലാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ നടപ്പിലാക്കുന്നത്. സാമ്പ്രദായിക പഠന രീതികളിൽ നിന്നും പൂർണമായും മാറി ഗുണമേന്മ പഠനം എന്നതാണ് ലക്ഷ്യം. നവീന അധ്യാപന രീതികളോടൊപ്പം സാമൂഹികവും സമ്പത്തികവുമായ അർഹമായ പരിഗണന വിദ്യാർഥികൾക്ക് ലഭിക്കും എന്നതും ഉറപ്പ് വരുത്തുന്നുണ്ട്. ഒറ്റ അച്ചിൽ വാർത്തെടുത്തവർ എന്നതിനപ്പുറം വിദ്യാർഥികളുടെ വ്യത്യസ്തമായ ശേഷികളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരു അക്കാദമിക സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

തൊഴിൽ രംഗത്തിനാവശ്യമായ നൈപുണ്യം ലഭിക്കുന്നതോടെ പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു  പോകാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.  സാമൂഹിക പ്രതിബദ്ധതപ്രകൃതി സൗഹൃദ നിലപാടുകൾജനാധിപത്യബോധം എന്നിവ നിലനിർത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷ മാത്രം മുന്നിൽക്കണ്ടുള്ള വിദ്യാഭ്യാസ രീതി തെറ്റാണെന്നും വിദ്യാഭ്യാസത്തെ തുടർപ്രക്രിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമയബന്ധിതമായി വിലയിരുത്താൻ സർവകലാശാലകളും കോളേജുകളും  തയാറാകണം. താൽപര്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നടക്കം കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്ന വിപുലമായ സാധ്യതയാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

ഏതു വിഷയമായാലും ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് തുടക്കം മുതൽ ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതുവരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. അതിനുപുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ഇത്തരം ധാനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല എന്ന വസ്തുത നമ്മുടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കണം.

മൂന്നു വർഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം  നാല് വർഷം പൂർത്തിയാക്കിയവർക്ക് ഹോണേഴ്‌സ് ഡിഗ്രിയിലൂടെ പി എച്ച് ഡി ചെയ്യാനുള്ള അവസരവും നിലവിലെ നാല് വർഷ ഡിഗ്രി കോഴ്‌സിലുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾ ഏത് ദിശയിലാണ് പോകേണ്ടതെന്ന് വിദ്യാർഥികൾക്ക് നിർദേശിക്കാൻ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തിൽ ആർജിക്കുന്ന ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക് മാറ്റാൻ വിദ്യാർഥിഅധ്യാപക സമൂഹങ്ങൾ ശ്രദ്ധിക്കണം. ട്രാൻസ്‌ലേഷണൽ ഗവേഷക ലാബുകൾസ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകി വരികയാണ്. ദേശീയ അന്തർദേശീയ റാങ്കിങ്ങിൽ മുന്നിലെത്തിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിച്ച് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തമാക്കണമെന്നും  അതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് നാല് വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി രാജു എം എൽ എമേയർ ആര്യ രാജേന്ദ്രൻകേരള സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. മോഹനൻ കുന്നുമ്മൽഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ  സുധിർ കെ എന്നിവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,  ഇഷിതാ റോയ്  ചടങ്ങിന് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. അനുരാധ വി.കെ. നന്ദിയും പറഞ്ഞു. എൻ പി ചന്ദ്രശേഖരൻ രചിച്ച് സംഗീത വിഭാഗം അധ്യാപിക ഡോ. കെ.ആർ. ശ്യാമ സംഗീതം നൽകിയ ശീർഷകഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. നവാഗത വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസും തുടർന്ന് കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുസകളിലുംസർവകലാശാല കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെയാണ് നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിച്ചത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.