പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി വര്‍ധിച്ചതായി ജോസ് കെ. മാണി എം പി
കോട്ടയം: പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി വര്‍ധിച്ച തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷനെന്നും ഏകാധിപത്യത്തിനെതിരേയുള്ള മരുന്ന് പ്രാദേശിക പാര്‍ട്ടികളാണെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ചതായും കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റുക, മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം. പ്രതിപക്ഷത്തിന് ഒരു നേതാവുണ്ടായി എന്നതും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം അംഗീകരിക്കുന്നു. ഇടതുപക്ഷത്തോട് അനുഭാവമുള്ള ധാരാളം പേർ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് അകന്നു. കൂട്ടായ തിരുത്തലുകള്‍ നടത്താന്‍ ഇടതു മുന്നണി തയാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു.
പരാജയകാരണങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് തിരുത്തലുകള്‍ വരുത്തുകയാണ് വേണ്ടത്. പരസ്യമായ പ്രതികരണങ്ങളോട് കേരള കോണ്‍ഗ്രസിനു യോജിപ്പില്ല. നവകേരള സദസിനിടയില്‍ പാലായില്‍ മുഖ്യമന്ത്രി നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നേതാക്കളുടെ പ്രതികരണം അവരുടെ ആഗ്രഹം മാത്രമാണ്. കേരള കോണ്‍ഗ്രസ് -എം അതിന്റെ രാഷ് ട്രീയ നിലപാടില്‍ ഉറച്ചു നില്ക്കും.16 വര്ഷത്തെപാര്ലമെന്ററി പ്രവര്‍ത്തനത്തില്‍ എംപി ഫണ്ട് ചെലവഴിക്കുന്നതിലപ്പുറം കോട്ടയത്ത് നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചു. റബര്‍ കര്‍ഷകര്‍ക്കായി പാർലമെന്റിനകത്തും പുറത്തും പോരാടി. ബഫര്‍ സോണ്‍ വിഷയത്തിലും ശക്തമായ പോരാട്ടമാണ് നടത്തിയത്.വന്യജീവി അക്രമണം തടയാന്‍ സംസ്ഥാനം പുതിയ നിയമ നിര്‍മാണത്തിനു മുന്‍ കൈയെടുക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. വന്യജീവി അക്രമണം ഉണ്ടാകുമ്പോള്‍ ഫോറസ്റ്റിനെ വിളിക്കാതെ പോലീസ് ഇടപെടുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണം. കടലിന്റെ അവകാശം പൂര്‍ണമായും കടല്മക്കള്ക്ക് നല്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.