കാർഗിൽ വിജയ് ദിനത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ സൈക്കിൾ റാലിക്ക് ഇന്ന് തുടക്കം

കാർഗിൽ യുദ്ധത്തിലെ ധീരരായ ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിക്കുന്ന സൈക്കിൾ റാലിക്ക് ഇന്ന് തുടക്കം. കാർഗിൽ വിജയ് ദിവസിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് റാലി നടത്തുന്നത്. 54 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫിസർ കമാൻഡിങ് ആയ മേജർ ജനറൽ അഖിലേഷ് കുമാർ, SM, ഇന്ന് (ജൂലൈ 14) പാങ്ങോട് സൈനിക കേന്ദ്രത്തിൽ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എംപി, മറ്റ് ഉദ്യോഗസ്ഥർ, ജവാന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ 10 സൈനികർ അടങ്ങുന്ന റാലി സംഘം രാമപുരത്തെ പരമവീരചക്ര ജേതാവായ (മരണാനന്തരം) മേജർ രാമസ്വാമി പരണേശ്വരൻ്റെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യാത്ര തുടങ്ങിയത്. റാലി 2024 ജൂലൈ 26 ന് പാങ്ങോട് യുദ്ധസ്മാരകത്തിൽ സമാപിക്കും.
കോട്ടയം, ആലപ്പുഴ, ചങ്ങനാച്ചേരി, റാന്നി, പത്തനംതിട്ട, കൊട്ടാരക്കര, കൊല്ലം, കിളിമാനൂർ എന്നിവയാണ് റാലി കടന്ന് പോകുന്ന പ്രധാന ലൊക്കേഷനുകൾ. യാത്രയ്ക്കിടെ റാലി അംഗങ്ങൾ വിമുക്തഭടൻമാരുടെ കാൻ്റീനുകളും, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലീനിക്കുകളും സന്ദർശിക്കും. സംഘം 15 വീർ നാരികൾ / വീർ മാതാക്കൾ / വിധവകൾ / യുദ്ധ സേനാനികൾ എന്നിവരുടെ വസതികൾ സന്ദർശിക്കുകയും അവരെ ആദരിക്കുകയും ചെയ്യും.