റാന്നി ഇരട്ടക്കൊല: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പത്തനംതിട്ട റാന്നിയിൽ അമ്മയുടെ കൺമുന്നിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വർഷം പരോളില്ലാത്ത കഠിനതടവിന് ശിക്ഷിച്ചു. ചെറുകോൽ മാടത്തേത്ത് തോമസ് ചാക്കോയ്ക്ക് (ഷിബു, 50)പത്തനംതിട്ട അഡി. സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പ്രതിക്ക് വിധിച്ച അഞ്ച് ലക്ഷം രൂപ പിഴശിക്ഷ ശരിവച്ചു. പിഴത്തുക കുട്ടികളുടെ അമ്മയ്ക്ക് നൽകണം. തുക നൽകിയിട്ടില്ലെങ്കിൽ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ സ്കീമിൽ നിന്ന് കണ്ടെത്തണം.അപൂർവങ്ങളിൽ അത്യപൂർവമായ കുറ്റകൃത്യമല്ലെന്ന് വിലയിരുത്തിയാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിതാവിന്റെ സ്ഥാനത്തുള്ളയാൾ അതിക്രൂരമായി ഇല്ലാതാക്കിയത് ഗൗരവമേറിയ വിഷയമാണെന്നും ബെഞ്ച് വ്യക്തമാക്കി. 2013 ഒക്ടോബർ 27ന് രാവിലെയായിരുന്നു ഇരട്ടക്കൊലപാതകം. സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കുടുംബവീട്ടിലെത്തിയ തോമസ്ചാക്കോ പ്രവാസിയായ ഇളയസഹോദരൻ മാത്യുചാക്കോയുടെ(ഷൈബു) മക്കളായ മെൽബിൻ (7), മെബിൻ (3) എന്നിവരെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുട്ടികളുടെ മാതാവ് ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി വിതറിയ പ്രതി അമ്മ മേരിക്കുട്ടിയെ ആക്രമിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തു.
പ്രതി മാനസാന്തരപ്പെടാനും സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കാനുമുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയ മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ടും കോടതി പരിഗണിച്ചു. പ്രതി മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ചെറുപ്പത്തിലെ അവഗണനയും ദുരനുഭവങ്ങളുമാണ് പ്രതിയെ ഈ അവസ്ഥയിലെത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്ന വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും വധശിക്ഷ ഒഴിവാക്കണമെന്ന് അമ്മയടക്കം അഭ്യർത്ഥിച്ചതായുള്ള പത്തനംതിട്ട ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
പിതാവിനോട് പിണങ്ങി വാടകവീട്ടിലായിരുന്നു പ്രതി ഷിബുവിന്റെ താമസം. ഗൾഫിലായിരുന്ന അനുജൻ ഷൈബുവിനോടും ശത്രുതയുണ്ടായിരുന്ന ഷിബു 2013 ഒക്ടോബർ 27 രാവിലെ 7.30ന് സ്വന്തം ഓട്ടോയിൽ കുടുംബവീട്ടിലെത്തി. ഈ സമയം പിതാവ് ചാക്കോ പള്ളിയിലായിരുന്നു. മാതാവ് മേരിക്കുട്ടിയും ഷൈബുവിന്റെ ഭാര്യ ബിന്ദുവും മെൽവിനും മെബിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ ചാക്കോയെ വിളിക്കാൻ മേരിക്കുട്ടി പള്ളിയിലേക്ക് പോയി. ഈ സമയം മുറ്റത്ത് മൂത്രമൊഴിക്കുകയായിരുന്ന മെൽവിനെ ഷിബു കത്തികൊണ്ട് കുത്തി. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി വിതറി മർദ്ദിച്ച ഷിബു വീടിനുള്ളിൽ കയറി കസേരയിൽ മുന്തിരിങ്ങ കഴിച്ചുകൊണ്ടിരുന്ന മെബിന്റെ കഴുത്തിലും കുത്തി. തുടർന്ന് കുപ്പിയിൽ കരുതിയിരുന്ന ഡീസൽ താഴത്തെയും മുകളിലത്തെയും നിലകളിലെ കിടപ്പുമുറികളിൽ ഒഴിച്ച് തീയിട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു