ഭാരതം മത ന്യൂനപക്ഷങ്ങളുടെ സുരക്ഷിത രാജ്യം: ജോര്‍ജ് കുര്യന്‍
കോട്ടയം: മത ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന രാജ്യം ഭാരതം മാത്രമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍, ചൈന, മ്യാന്‍മാര്‍, യൂറോപ്പ്, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മതപരമായ സ്വാതന്ത്ര്യവും, അവിടങ്ങളില്‍ നടന്നുവരുന്ന ലഹളകളും നോക്കിയാല്‍ ഭാരതത്തിലാണ് ന്യൂനപക്ഷ സമൂഹം സുരക്ഷിതം എന്ന് കാണാം. ലോക ജനസംഖ്യയില്‍ മുമ്പില്‍ നില്‍ക്കുന്ന ഭാരതത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ നമ്മുടെ സമീപ രാജ്യങ്ങളിലെ സ്ഥിതി അതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ നിങ്ങള്‍ തന്നെ വിലയിരുത്തിയാല്‍ മതിയെന്നും പറഞ്ഞു.
പക്ഷിപ്പനി, പന്നിപ്പനി തുടങ്ങി പക്ഷിമൃഗാദികളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. പുതിയ മരുന്നു കണ്ടെത്താനുള്ള ശ്രമം നടന്നു വരുന്നു. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് കൃത്യമായ കണക്കെടുപ്പു നടക്കാത്തതു കൊണ്ട് അത് നല്കുന്നതിനുള്ള കണക്കുകള്‍ ലഭിക്കുന്നില്ല.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനായി അവരുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചുകൊണ്ടിരിക്കു കയാണ്. ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകരോടൊപ്പം താമസിച്ചിരുന്നതുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് തനിക്ക് നേരിട്ടറിയാം. മാധ്യമവാര്‍ത്തകളെ വിശ്വാസത്തിലെടുക്കുന്നയാളാണ് താനെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും കമ്മറ്റി അംഗം ജോണ്‍ മാത്യു നന്ദിയും പറഞ്ഞു