അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ
SPECIAL
തിരുവനന്തപുരം : 15 മെയ് 2024
അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി. ജനറല്‍ പോസ്റ്റ് ഓഫീസ് ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍ സുജിത് കുമാര്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു. കുടുംബ ക്ഷേമം, കുടുംബത്തെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. 'കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും' എന്നതാണ് 2024 ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം. തിരുവനന്തപുരത്തിന് പുറമേ തപാല്‍ വകുപ്പിന്റെ കൊച്ചി, തൃശൂര്‍, കോഴിക്കോട് ഫിലാറ്റലിക് ബ്യൂറോകളും ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി.
ഇതോടൊപ്പം തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകളും പുറത്തിറക്കി. കേരളത്തിലേയും കര്‍ണാടകയിലേയും ടൂറിസം മാപ്പിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ആഘോഷങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകളില്‍ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ തൃശൂര്‍ പൂരവും, പുലികളിയും, വടക്കുംനാഥ ക്ഷേത്രവും, കലാമണ്ഡലവും, ആതിരപ്പിള്ളിയും കര്‍ണാടകയിലെ മൈസൂര്‍ കൊട്ടാരവും, ഹംപി കല്‍രഥവും, യക്ഷഗാനവും റിയാലിറ്റി കാര്‍ഡുകളില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു. കര്‍ണാടക, ഗോവ സര്‍ക്കിളുകള്‍ക്ക് ശേഷം കേരളമാണ് ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.
തപാല്‍ വകുപ്പ് ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പാര്‍ ഗോ എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഫ്‌ളിപ്പാര്‍ ഗോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ഡിലെ ഉള്ളടക്കത്തിന്റെ ചരിത്രവും പരിണാമവും സചിത്ര വിവരണത്തോടെ കാണാനാകും. ചില കാര്‍ഡുകളിലെ ചിത്രങ്ങള്‍ 3ഡി ദൃശ്യാനുഭവത്തോടെയും കാണാം. മാറിയ കാലത്തിനൊത്ത് ഫിലാറ്റലി വിഭാഗത്തെ ഡിജിറ്റല്‍ ഇടവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം തങ്ങളുടെ കാര്‍ഡുകളിലൂടെ തപാല്‍ വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ചടങ്ങില്‍ അനന്തപുരി ഫിലാറ്റലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം മോഹന്‍കുമാര്‍ പങ്കെടുത്തു.