കർഷകർ സംരംഭക മനോഭാവം വളർത്തണം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
ENTERPRENURE
കർഷകർ സംരംഭക മനോഭാവം വളർത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ. കിസാൻ സമ്മാൻ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വാരാണസിയിൽ നടന്ന കിസാൻ സമ്മേളനുമായി ബന്ധപ്പെട്ട് കോട്ടയത്ത് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കാനായി കർഷകർ തന്നെ വാമൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും അവർ തന്നെ സ്വയം മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തനത് കൃഷി രീതികളിലേക്ക് ശ്രദ്ധ തിരിയുന്ന കാലഘട്ടമാണിത്. കേരളത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വകുപ്പാണ് ഫിഷറീസ് എന്നും, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര ഗവണ്മെന്റ് ആവശ്യമുള്ളത്ര ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൃഷി ആധുനികവൽക്കരിക്കാനും പ്രദേശത്തെ കർഷകർക്ക് വരുമാനം വർധിപ്പിക്കാനുള്ള സഹായങ്ങൾ നൽകാനും കൃഷി വിജ്ഞാൻ കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, കാർഷിക രംഗത്തെ പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച് കുമരകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം ഡയറക്ടർ ഡോ ജയലക്ഷ്മി, ബ്ലോക്ക് മെമ്പർ കവിത ലാലു എന്നിവരും ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൃഷി വിജ്ഞാൻ കേന്ദ്രയുടെ വിവിധ യൂണിറ്റുകൾ നടന്നു കാണുകയും കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കർഷകർക്കുള്ള കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കിസാൻ സമ്മാൻ നിധിയുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നടത്തിയ പ്രസംഗം വിദൂരദൃശ്യ സംവിധാനത്തിലൂടെ ചടങ്ങിൽ പ്രദർശിപ്പിച്ചു.