മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം, ബാലാവകാശകമ്മിഷൻ
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥി സംഘർഷത്തേതുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മിഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ തക്ക പദ്ധതികൾ നടപ്പിലാക്കണം. രക്ഷാകർത്താക്കൾക്കായി സ്കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. കമ്മിഷന്റെ നിർദ്ദേശങ്ങൾ 2026-27 അധ്യയനവർഷം മുതൽ രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികൾക്ക് രൂപം നൽകേണ്ടതാണെന്നും കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഓരോ വർഷവും നൂറുകണക്കിന് കുട്ടികൾ നിയമവുമായി സംഘർഷത്തിലാവുന്നുണ്ട്. മോഷണം, ട്രാഫിക്ക് നിയമലംഘനങ്ങൾ, ശാരീരിക ആക്രമണം, ലൈംഗിക കുറ്റകൃത്യങ്ങൾ, ലഹരി, പോക്സോ കേസുകൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഹരിപദാർത്ഥങ്ങൾ, സോഷ്യൽമീഡിയ സ്വാധീനം, വിദ്യാഭ്യാസ സാമൂഹിക സമ്മർദ്ധങ്ങൾ, കുടുംബപരമായ വിഷയങ്ങൾ തുടങ്ങിയവ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് കാരണമാകുന്നതായി കമ്മിഷൻ ഉത്തരവിൽ വിശകലനം ചെയ്തു. സ്കൂൾ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർത്ഥപൂർണ്ണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മിഷൻ നിരീക്ഷിച്ചു.


