14 കോടിയുടെ ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: എൽ ഡി ക്ലർക്ക് സംഗീതിനേയും സുഹൃത്തിനേയും വിജിലൻസ് അറസ്റ്റ് ചെയ്തു.
2014 മുതൽ 2020 വരെയുള്ള കാലയളവിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്കായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന സംഗീത്.കെ ക്യാഷ് ബുക്ക്, ഓഫീസ് എക്സ്പെൻസസ് രജിസ്റ്റർ, ചെക്ക് ബുക്കുകൾ എന്നിവ ദുരൂപയോഗം ചെയ്തും വ്യാജ രേഖകൾ ചമച്ചും ക്രമക്കേടുകൾ നടത്തി 14 കോടി രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ലോവർ ഡിവിഷൻ ക്ലർക്കും ആറ്റിങ്ങൽ സ്വദേശിയുമായ സംഗീത്.കെ യെയും സുഹൃത്ത് വഴുതക്കാട് സ്വദേശിയും കോൺട്രാക്ടറുമായ അനിൽകുമാറിനെയും ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 2014 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ LD ക്ലർക്കായി ജോലി ചെയ്തിരുന്ന സമയം സംഗീത്.കെ ചെക്കുകളിൽ തുക മാറ്റി എഴുതിയും, മേലുദ്യോഗസ്ഥരുടെ ഒപ്പുകൾ സ്വന്തമായി രേഖപ്പെടുത്തിയും, രജിസ്റ്ററുകളിലും മറ്റും തിരിമറി നടത്തിയും ബോർഡിന്റെ അക്കൗണ്ടിൽ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്കും, സുഹൃത്ത് അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് ക്രമക്കേടുകൾ നടത്തിയത്. ക്രമക്കേടിലൂടെ സമ്പാദിച്ച പണം വസ്തുവകകൾ വാങ്ങി കൂട്ടുന്നതിനും, റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിനും ഉപയോഗിച്ചതായി വെളിവായിട്ടുള്ളതാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിജിലൻസ് പരിശോധിച്ച് വരികയാണ്. സംഗീത്.കെ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്നും മാറിയതിന് ശേഷവും തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. ക്ഷേമനിധി ബോർഡിലെ മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോ എന്നും വിജിലൻസ് സംഘം പരിശോധിച്ച് വരുന്നു. വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.


