കലോത്സവ വേദിയിൽ ഓർമ്മകളിലേക്ക് മടങ്ങി മന്ത്രി ആര്‍. ബിന്ദു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ നിറസാന്നിധ്യമായി എത്തിയ മന്ത്രി ആര്‍. ബിന്ദുവിന് ഇത് ഒരു ഔദ്യോഗിക സന്ദർശനം മാത്രമായിരുന്നില്ല. സ്വന്തം ബാല്യകാല ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു. ഒരിക്കൽ വിദ്യാർത്ഥിനിയായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സജീവ സാന്നിധ്യമായിരുന്ന മന്ത്രി, ഇന്ന് 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രക്ഷാധികാരിയായാണ് വേദിയിലേക്കെത്തുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളി മത്സരം കാണാനായാണ് മന്ത്രി കലോത്സവത്തിലെ നിത്യകല്യാണി വേദിയിലെത്തിയത്. വേദിയിൽ വേഷമിട്ട് കഥകളി അവതരിപ്പിക്കുന്ന കുട്ടികളെ കാണുമ്പോൾ, അത് ഒരു ദൃശ്യാനുഭവം മാത്രമല്ല, തന്റെ സ്വന്തം കലോത്സവ ദിനങ്ങളിലേക്കുള്ള ഒരു ഓർമയാത്ര കൂടിയായി മാറുകയായിരുന്നു. എല്ലാ വിദ്യാർത്ഥികളും മികച്ച രീതിയിൽ മത്സരങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അനുഷ്ഠാന കലകളെ തിരഞ്ഞെടുക്കുന്ന കുട്ടികൾ അഭിനന്ദനാർഹരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓർമ്മയും അനുഭവവും ഉത്തരവാദിത്വവും ഒരുമിച്ച് ചേരുന്ന ഈ നിമിഷം, കലോത്സവ വേദിയിൽ കലയുടെ തലമുറകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു കഥയായി മാറുകയായിരുന്നു.


