62 മരുന്നിനങ്ങള്‍കൂടി വിലനിയന്ത്രണത്തില്‍; കൃത്രിമമുട്ടിന്റെ ഘടകങ്ങളുടെ വില നിയന്ത്രണം തുടരും
കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവര്‍ഷംകൂടി തുടരാനും തീരുമാനിച്ചു
തൃശ്ശൂര്‍: പുതുതായി വിപണിയിലെത്തിക്കാന്‍ അനുമതിതേടിയ 62 മരുന്നിനങ്ങള്‍കൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവര്‍ഷംകൂടി തുടരാനും തീരുമാനിച്ചു. പേറ്റന്റ് കാലാവധിതീര്‍ന്ന ഗ്ലിപ്റ്റിന്‍ രാസമൂലകങ്ങളടങ്ങിയ പ്രമേഹ മരുന്നിനങ്ങളാണ് പുതുതായി പട്ടികയിലെത്തിയവയില്‍ ഭൂരിഭാഗവും.ഇബുപ്രൊഫൈനും പാരസെറ്റമോളും അടങ്ങിയ വേദനസംഹാരി, കണ്ണുകള്‍ക്കുള്ള തുള്ളിമരുന്ന്, അമിത രക്തസമ്മര്‍ദത്തിനെതിരേയുള്ള മരുന്ന് എന്നിവയും പട്ടികയിലുണ്ട്. ഒന്നിലധികം ചേരുവകളുള്ള സംയുക്തങ്ങളാണ് വിപണാനുമതി തേടിയവയില്‍ മിക്കതും.കൃത്രിമമുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാറുള്ള ഘടകങ്ങള്‍ 2017 ഓഗസ്റ്റ് മുതലാണ് ഒരുവര്‍ഷത്തേക്ക് വില നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്നിങ്ങോട്ട് ഓരോവര്‍ഷവും വിലനിയന്ത്രണം പുതുക്കുകയായിരുന്നു. ഇവയുടെ വിലനിയന്ത്രണം പൊതുജനാരോഗ്യത്തിന് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് 2025 സെപ്റ്റംബര്‍ 15-വരെ നിലവിലെ വില തുടരാന്‍ നിശ്ചയിച്ചത്.