വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

Oct 12, 2024
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടർ വാഹന വകുപ്പ്. കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഇരിപ്പിടവും, നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ബൈക്കിൽ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചതിനെ തുടർന്നാണ് നടപടി.ഘട്ടംഘട്ടംമായി ഇതു നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. ഒക്‌ടോബറില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. തുടര്‍ന്ന് നവംബറില്‍ മുന്നറിയിപ്പു നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെ.മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. ഇരുചക്രവാഹനങ്ങളില്‍ നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതർ അറിയിച്ചു.