ജനാധിപത്യത്തിന്റെ ഇടങ്ങൾ" സംസ്ഥാനതല ദ്വിദിന ശിൽപ്പശാല ഒക്ടോബർ 5, 6 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച്

Oct 2, 2024
ജനാധിപത്യത്തിന്റെ ഇടങ്ങൾ" സംസ്ഥാനതല ദ്വിദിന ശിൽപ്പശാല ഒക്ടോബർ 5, 6 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച്

        മാനവ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് പടന്നക്കാട് വെച്ച് ഒക്ടോബർ 5, 6 തീയ്യതികളിലായി "ജനാധിപത്യത്തിന്റെ ഇടങ്ങൾ" എന്ന പേരിൽ സംസ്ഥാനതല ദ്വിദിന രാഷ്ട്രീയ ശില്പശാല ( ദിശ - 2024) നടക്കും . ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കേണ്ട പുതിയ കാലത്തിൻറ വിഷയങ്ങളെയാണ് ശില്പശാല ചർച്ചയാക്കുന്നത്. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നും 200-ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപ്പശാല , 'ജനാധിപത്യത്തിന്റെ ബഹുസ്വരത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് ,വി ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാനവസംസ്കൃതി സംസ്ഥാന ചെയർമാൻ മുൻ എംഎൽഎ ,അനിൽ അക്കര അധ്യക്ഷത വഹിക്കും.ശില്പശാലാ ഡയരക്ടർ, ഡോ: ബാലചന്ദ്രൻ കീഴോത്ത് സംവാദത്തിൻ്റെ വിഷയങ്ങൾ പരിചയപ്പെടുത്തും . 11 മണിക്ക് , നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദം, സുനിൽ പ്രഭാകറും ഡോ: മഹേഷ് മംഗലാട്ടും നയിക്കും. 2 മണിക്ക് നടക്കുന്ന ഉന്നത വിദ്യാഭ്യാസത്തിലെ വിദേശ കുടിയേറ്റത്തെക്കുറിച്ചുള്ള സെഷനിൽ, ഡോ: ജെ എസ് .അഡൂർ, ഡോ: സജി ജേക്കബ് എന്നിവർ പങ്കെടുക്കും. 3 മണിക്ക് , കേരളത്തിലെ സർവകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ച് , മുൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാടും ഡോ : പ്രേമചന്ദ്രൻ കീഴോത്തും നയിക്കുന്ന സംവാദമാണ് . തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളും അഭിപ്രായ രൂപീകരണങ്ങളുമാണ് നാലു മണിക്ക് നടക്കുന്ന സംവാദവും ഓപ്പൺ ഫോറവും. ടി.വൈ.വിനോദ്കൃഷ്ണനും ആർ.സുഭാഷുമാണ് ചർച്ച നയിക്കുക. തുടർന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ സൂര്യഗായത്രിയുടെ കവിതാ സമാഹാരം 'ദൈവ പ്പേച്ച്' മാനവസംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി എം. അസിനാറിൻ്റെ അദ്ധ്യക്ഷതയിൽ,അഡ്വ.സോണി സെബാസ്റ്റ്യൻ, വി.വി.പ്രഭാകരന് നല്കി പ്രകാശനം ചെയ്യും. തുടർന്ന്, കാസർഗോഡ് ഫോക്ക് ബാന്റിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണം. ഒക്ടോബർ ആറിന് , രാവിലെ 10 മണിക്ക് , ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യം പ്രതിനിധികളെ സംബോധന ചെയ്ത് ട്രാൻസ്ജെന്റർ സമൂഹങ്ങളെക്കുറിച്ചും ജനാധിപത്യത്തിലതിനുള്ള ഇടത്തെക്കുറിച്ചും സംവദിക്കും . സുമത് ബാലചന്ദ്രൻ ലിംഗസമത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കമിടും. 11 മണിക്ക് സണ്ണി എം കപിക്കാട് ,അധികാര രാഷ്ട്രീയവും പാർശ്വ വൽകൃതസമൂഹങ്ങളും എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കും.ഡോ: എ പരമേശ്വരൻ ,സംവാദത്തിന് നേതൃത്വം നൽകും. 12 മണിക്ക് , വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽക്കൂടി നടക്കുന്ന , പരിസ്ഥിതി രാഷ്ട്രീയവും പുനരധിവാസങ്ങളും എന്ന സംവാദത്തിൽ , സി. സുനിൽകുമാറും ഡോ: രതീഷ് നാരായണനും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചും,ഡോ : സി ജെ. ജോർജ് , പുനരധിവാസങ്ങളെക്കുറിച്ചുമുള്ള ചർച്ചക്ക് തുടക്കമിടും. 3 മണിക്ക് ശില്പശാലയുടെ അവ ലോകനവും 4 മണിക്ക് സമാപന സമ്മേളനവും തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടക്കും. സമാപന പരിപാടി എം കെ .രാഘവൻ .എം പി ഉദ്ഘാടനം ചെയ്യും . സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ രൂപപ്പെടുത്തിയ ജനാധിപത്യ സങ്കൽപ്പങ്ങളുടെ , കാലികമായ പുനർവായനകളാണ് രാഷ്ട്രീയ ശില്പശാലകൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പത്രസമ്മേളനത്തിൽ അഡ്വ: പി.നാരായണൻ (ചെയർമാൻ, സംഘാടക സമിതി ), എം.അസിനാർ (ജനറൽ കൺവീനർ, സംഘാടക സമിതി) ,ഡോ.ബാലചന്ദ്രൻ കീഴോത്ത് ( ശിൽപശാലാ ഡയരക്‌ടർ ) ,ഏ.കെ.ശശിധരൻ (ചെയർമാൻ, മാനവ സംസ്കൃതി, കാസർഗോഡ് ജില്ലാ കമ്മിറ്റി ), പി.വി.രാജേഷ് (ജന: സെക്രട്ടറി മാനവ സംസ്കൃതി, കാസർഗോഡ് ജില്ലാ കമ്മിറ്റി ), മഡിയൻ ഉണ്ണികൃഷ്ണൻ ,ഡി.എം. സുകുമാരൻ,സിജോ അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.