വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങൾ പ്രയോജനപ്പെടുത്തുന്നത് ജീവനക്കാർക്ക് എതിരല്ല.-മന്ത്രി കെ.കൃഷ്ണൻകുട്ടി
വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങൾ ഉപഭോക്താവ് പ്രയോജനപ്പെടുത്തുന്നത് വകുപ്പ് ജീവനക്കാർക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെഎസ്ഇബിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഒക്ടോബർ 2 മുതൽ 8 വരെ കെഎസ്ഇബിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഉപഭോക്ത സേവന വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കൊല്ലങ്കോട് വസുദേവ് മെമ്മോറിയൽ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉപഭോക്താവ് എന്ന നിലയിൽ നിരവധി അവകാശങ്ങളാണ് ജനങ്ങൾക്കുള്ളത്. ഈ അവകാശങ്ങൾ എല്ലാ സെക്ഷൻ ഓഫീസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയാൽ നിശ്ചിത സമയത്തിനകം പുനസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് കെഎസ്ഇബി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. വോൾട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബോർഡ് ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ചുള്ള സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് എല്ലാ ഉപഭോക്താക്കളും വായിച്ചിരിക്കേണ്ടതാണ്. ഇതിലൂടെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഉപഭോക്താവ് ബോധവാനായിരിക്കേണ്ടതാണ്. ഈ അവകാശങ്ങൾ ഉപഭോക്താവ് ഉപയോഗിക്കുമ്പോൾ അത് ജീവനക്കാർക്ക് എതിരെയാണെന്ന് ജീവനക്കാർ കരുതേണ്ടതില്ല.കെഎസ്ഇബിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മാത്രമേ അത്യന്തികമായി ഇത് ഉപകരിക്കു. പകൽ സമയത്ത് വൈദ്യുതി ചാർജ് കുറയ്ക്കാൻ കഴിയുമോ എന്നുള്ള നിർദ്ദേശം വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നിൽ വയ്ക്കാൻ ഇലക്ട്രിസിറ്റി ബോർഡ് ആലോചിക്കുന്നു. പകൽ സമയം കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വൈദ്യുതിയുടെ ഒരു വിഹിതം ഉപഭോക്താക്കൾക്ക് നൽകാനാണ് ആലോചന. ഇതിൽ തീരുമാനമെടുക്കേണ്ടത് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ്' ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമായി വൈദ്യുതി മാറിക്കഴിഞ്ഞു. ടെലികോം കമ്പനികൾ അടിക്കടി സേവന നിലവാരം മെച്ചപ്പെടുത്തുന്നത് പോലെ കെഎസ്ഇബിയും സേവനം മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. ജനങ്ങളുടെ പ്രതീക്ഷ ഉയരുന്നത് അനുസരിച്ച് കെഎസ്ഇബിയുടെ പ്രവർത്തനവും ഉയരേണ്ടതുണ്ട്. ഉപഭോക്ത സേവനം സംബന്ധിച്ചും പ്രവർത്തനങ്ങൾ സംബന്ധിച്ചും ഓഫീസുകളിൽ ഫോൺ അറ്റൻഡ് ചെയ്യുന്നവരുടെ സംഭാഷണ ശൈലി സംബന്ധിച്ച് വളരെയധികം മുന്നേറേണ്ടതുണ്ടെന്നും ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവുമധികം പരാതികളും സംഘർഷങ്ങളും നേരിടുന്നത് വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ചാണ്. ഈ പരാതികൾ പരിഹരിക്കുന്നതിനും വൈദ്യുതി വിച്ഛേദിക്കാൻ പോകുന്ന ജീവനക്കാരന്റെ പെരുമാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യുതി ജീവനക്കാരെ ആക്രമിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. നിയമം കയ്യിലെടുക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ആത്മാർത്ഥമായി ജോലിചെയ്യുന്ന ജീവനക്കാർക്ക് എല്ലാ സംരക്ഷണവും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കെഎസ്ഇബി ലൈനുകൾക്ക് സമീപത്തുള്ള മര ചില്ലകൾ വെട്ടി മാറ്റുന്നതിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൃത്യമായ സൂപ്പർ വിഷനിലൂടെ മാത്രമേ ഇത് നടത്താവൂ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവുന്ന മേഖലയാണ് വൈദ്യുതി മേഖല ചെറിയ പാകപ്പിഴകൾ പോലും പെരുപ്പിച്ചു കാണിച്ച് വലിയ അക്രമമാണ് വൈദ്യുതി മേഖലയിൽ നേരിടേണ്ടിവരുന്നത്. കെഎസ്ഇബിയുടെ സേവനവും പെരുമാറ്റവും മെച്ചപ്പെടുത്തി കൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാനാവു എന്നും മന്ത്രി വ്യക്തമാക്കി. 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതി പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും പ്രാവർത്തിക ഘട്ടത്തിലാണ് ' ഒരു വ്യാഴവട്ടത്തിനു ശേഷമാണ് കേരളത്തിൽ ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ സമയം ലഭ്യമാകുന്ന മുറയ്ക്ക് ഈ രണ്ട് ജലസേചന പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടും. നമുക്ക് ആവശ്യമുള്ള വൈദ്യുതിയുടെ 70% വും പുറത്തുനിന്ന് വാങ്ങുന്നതാണ്. പീക്ക് അവറിൽ വൈദ്യുതിയുടെ വില ഒരു യൂണിറ്റിന് 15 രൂപ വരെയായി ഉയരുന്നുണ്ട്. ഇത്തരത്തിൽ അധിക ചിലവ് ഒഴിവാക്കാൻ വൈദ്യുതി ഉത്പാദന മേഖലയിലേക്ക് നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. സോളാർ മേഖലയിൽ വലിയ സാധ്യതകൾ ആണുള്ളത്. അവ പ്രയോജനപ്പെടുത്തണം. കാർഷിക മേഖലയിൽ സോളാർ പദ്ധതികൾക്ക് 60% സബ്സിഡി നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ചിന്നുക്കുട്ടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സത്യപാൽ. ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കുറുപ്പേഷ് ' വാർഡ് അംഗം ജയൻ പി കെ എന്നിവർക്കൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു.